വാഷിംഗ്ടൺ: ഇറാനെതിരായ സംഘർഷത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനകൾ വീണ്ടും വിവാദത്തിൽ. യുദ്ധത്തിന് ദൈവത്തിന്റെ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
'ദൈവം നല്ലവനാണ്, മനുഷ്യരെ സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്,' എന്ന് പറഞ്ഞ ട്രംപ്, താൻ യുദ്ധം ആസ്വദിക്കുന്നില്ലെന്നും വ്യക്തമാക്കി. അതേസമയം, 'ശാന്തിദൂതൻ' എന്ന നിലയിൽ നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചതായും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്ന അവകാശവാദവും ട്രംപ് മുന്നോട്ട് വച്ചു. തനിക്ക് നന്ദി പറഞ്ഞ പാകിസ്ഥാൻ പ്രധാനമന്ത്രി 30 മുതൽ 50 ദശലക്ഷം ജീവനുകൾ രക്ഷിച്ചുവെന്ന് പറഞ്ഞതായും ട്രംപ് പറഞ്ഞു.
എന്നാൽ, ഈ അവകാശവാദം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നടപടിക്ക് പിന്നാലെ ഉണ്ടായ മൂന്ന് ദിവസത്തെ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് നിർണായക പങ്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള വിഷയത്തിൽ ട്രംപിന്റെ പങ്ക് ഉന്നയിക്കുന്നത് അതിശയോക്തിയാണെന്ന വിലയിരുത്തലാണ് വിദഗ്ധർക്കിടയിൽ.
ഇതിനിടെ, ഇറാനെതിരായ ട്രംപിന്റെ കടുത്ത ഭീഷണികളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. മധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രംപിന്റെ പ്രസ്താവനകൾ കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.
'ദൈവം നമ്മുടെ പക്ഷം'; ഇറാൻ യുദ്ധത്തിനിടെ ട്രംപിന്റെ വിവാദ പ്രസ്താവന, ഇന്ത്യ-പാക് പ്രശ്‌നം അവസാനിപ്പിച്ചതായി വീണ്ടും അവകാശവാദം
