നെതന്യാഹുവിനൊപ്പം സര്‍ക്കാരുണ്ടാക്കിക്കൊള്ളൂ; ലിബര്‍മാനെതിരെ യായര്‍ ഗോലന്റെ രൂക്ഷ വിമര്‍ശനം

നെതന്യാഹുവിനൊപ്പം സര്‍ക്കാരുണ്ടാക്കിക്കൊള്ളൂ; ലിബര്‍മാനെതിരെ യായര്‍ ഗോലന്റെ രൂക്ഷ വിമര്‍ശനം


ടെല്‍ അവീവ്: ഇസ്രയേലിലെ വിവാദ ജുഡീഷ്യല്‍ പരിഷ്‌കാര നിയമങ്ങള്‍ വേഗത്തില്‍ റദ്ദാക്കുന്നതിനെ എതിര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് യിസ്രായേല്‍ ബെയ്തേനു പാര്‍ട്ടി നേതാവ് അവിഗ്‌ദോര്‍ ലിബര്‍മാനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷന്‍ യായര്‍ ഗോലന്റെ രൂക്ഷ വിമര്‍ശനം. ജുഡീഷ്യല്‍ പരിഷ്‌കാര നിയമങ്ങള്‍ റദ്ദാക്കാനും തീവ്ര ഓര്‍ത്തഡോക്‌സ് ജൂതവിഭാഗത്തില്‍പ്പെട്ടവരെ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാക്കാനും താത്പര്യമില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് ഗോലന്‍ പരിഹസിച്ചു.

സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഗോലന്റെ വിമര്‍ശനം. 'തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സൈനിക സേവനത്തിന് നിയോഗിക്കാത്തതും ജുഡീഷ്യറിയെ അട്ടിമറിക്കുന്ന നിയമങ്ങള്‍ റദ്ദാക്കാത്തതുമായ സര്‍ക്കാരാണ് ലിബര്‍മാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, നെതന്യാഹുവിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തിന് സ്വാഗതം,' ഗോലന്‍ കുറിച്ചു.

മുന്‍ ഭരണസഖ്യം കൊണ്ടുവന്ന വിവാദ ജുഡീഷ്യല്‍ നിയമങ്ങള്‍ വേഗത്തില്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷത്തെ മാറ്റത്തിനായുള്ള രാഷ്ട്രീയ സഖ്യത്തിലെ നേതാക്കള്‍ ആവശ്യപ്പെടുന്നതായി ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കം വേണ്ടെന്നാണ് ലിബര്‍മാന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്.

പകരം നെസറ്റ് സ്പീക്കറെ മാറ്റുക, പ്രധാനമന്ത്രിയുടെ പദവിക്ക് കാലാവധി പരിധി നിശ്ചയിക്കുക, പുതിയ സ്റ്റേറ്റ് കണ്‍ട്രോളറെ നിയമിക്കുക തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ലിബര്‍മാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം. 'മറ്റെല്ലാ കാര്യങ്ങളും പിന്നീട് പരിഗണിക്കാം' എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ, ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ പുരോഗമിക്കുന്നു. യാഷര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഗാദി ഐസന്‍കോട്ടിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചുമതല പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗികമായി കൈമാറി. ഞായറാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങിലായിരുന്നു നടപടി.

രാജ്യത്തെ സുരക്ഷാ, നയതന്ത്ര, ആഭ്യന്തര വെല്ലുവിളികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദേശീയ അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഐസന്‍കോട്ട് പ്രഖ്യാപിച്ചു. സയണിസം, ഐക്യദാര്‍ഢ്യം, സൗഹൃദം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ രാഷ്ട്രീയ കാലഘട്ടത്തിന് തുടക്കമിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

120 അംഗ നെസറ്റിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി പ്രസിഡന്റ് നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരണ ചുമതല കൈമാറിയത്. പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ 67 നിയമസഭാംഗങ്ങള്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേലിന് പുതിയ സര്‍ക്കാര്‍ ആവശ്യമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുപകരം അവരെ ഒന്നിപ്പിക്കുന്നതും പുതിയൊരു കാലഘട്ടത്തിലേക്ക് വഴിതെളിക്കുന്നതുമായ നേതൃത്വമാണ് രാജ്യത്തിന് വേണ്ടതെന്നും ചുമതല ഏറ്റെടുത്തതിന് പിന്നാലെ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഐസന്‍കോട്ട് പറഞ്ഞു. 

സയണിസത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ കാലഘട്ടമാണിത്. ദൗത്യം പ്രയാസകരമാണ്. മുന്നില്‍ ഏറെ ജോലികളുണ്ട്. എന്നാല്‍ വിജയം കൈവരിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ വിജയിക്കണം. അതിനായി സാധ്യമായതെല്ലാം ഞാന്‍ ചെയ്യും. ദൈവസഹായത്തോടെ നാം പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ രാഷ്ട്രീയ ഭിന്നതകള്‍ മറികടന്ന് വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കാന്‍ കഴിയുന്ന പുതിയ നേതൃത്വമാണ് ഇസ്രയേലിന് ആവശ്യമെന്നും ഐസന്‍കോട്ട് വ്യക്തമാക്കി.