ഗ്ലോബൽ ടെററിസം ഇൻഡെക്‌സ് 2026: പാകിസ്ഥാൻ ഒന്നാമത്; ഇന്ത്യ 13ാം സ്ഥാനത്ത്, ഇസ്രയേൽ ടോപ് 10ൽ

ഗ്ലോബൽ ടെററിസം ഇൻഡെക്‌സ് 2026: പാകിസ്ഥാൻ ഒന്നാമത്; ഇന്ത്യ 13ാം സ്ഥാനത്ത്, ഇസ്രയേൽ ടോപ് 10ൽ


ലോകത്ത് ഭീകരാക്രമണങ്ങളുടെ സ്വാധീനം വിലയിരുത്തുന്ന ഗ്ലോബൽ ടെററിസം ഇൻഡെക്‌സ് (GTI) 2026 റിപ്പോർട്ടിൽ പാകിസ്ഥാൻ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി.  ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇക്കണോമിക്‌സ് ആന്റ് പീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം.

കഴിഞ്ഞ വർഷം ഒന്നാമതായിരുന്ന ബുർക്കിനോ ഫാസോ  ഇത്തവണ രണ്ടാം സ്ഥാനത്തേക്കിറങ്ങിയപ്പോൾ നൈജർ മൂന്നാം സ്ഥാനത്താണ്. തുടർന്ന് നൈജീരിയ, മാലി, സിറിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കൊളംബിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ.

റിപ്പോർട്ടനുസരിച്ച് 2025ൽ പാകിസ്ഥാനിൽ 1,045 ഭീകരാക്രമണങ്ങൾ രേഖപ്പെടുത്തി. 1,139 പേർ കൊല്ലപ്പെടുകയും 1,595 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും മോശം കണക്കാണിത്.

ഇന്ത്യ 13ാം സ്ഥാനത്താണ്. രാജ്യത്ത് 142 ഭീകരാക്രമണങ്ങൾ, 100 മരണം, 118 പേർക്ക് പരിക്ക് എന്നിവയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭീകരതയുടെ സ്വാധീനം വിലയിരുത്താൻ ആക്രമണങ്ങൾ, മരണങ്ങൾ, പരിക്കുകൾ, ബന്ദികളാക്കൽ എന്നീ നാല് മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്.

ഇറാനിൽ  ഭീകരസംഘടനകൾക്ക് വളരാനിടയുള്ള സാഹചര്യമുണ്ടാകാമെന്ന മുന്നറിയിപ്പും റിപ്പോർട്ടിൽ ഉണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഇപ്പോഴും ലോകത്തിലെ ഏറ്റവും മാരകമായ ഭീകരസംഘടനയായി തുടരുന്നു. ആഗോള ആക്രമണങ്ങളിൽ 17 ശതമാനത്തിനും ഇവരാണ് ഉത്തരവാദികളെന്ന് റിപ്പോർട്ട് പറയുന്നു.

അതേസമയം തെഹ്രീക് ഇ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) ഏറ്റവും വേഗത്തിൽ വളരുന്ന ഭീകരസംഘടനയായി മാറി. ഈ സംഘവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 90 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ രാഷ്ട്രീയ പ്രേരിത ആക്രമണങ്ങൾ വർധിച്ചപ്പോൾ മതപരമായ ആക്രമണങ്ങൾ 82 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.