ബെര്‍ലിന്‍: യൂറോപ്പില്‍ സുരക്ഷാ ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈനിക റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്താന്‍ പുതിയ സ്വമേധയാ സൈനിക സേവന പദ്ധതി ജര്‍മനി പ്രഖ്യാപിച്ചു. നിര്‍ബന്ധിത സൈനിക സേവനം രാജ്യം പുനഃസ്ഥാപിച്ചിട്ടില്ലെങ്കിലും 2011-ല്‍ നിര്‍ത്തലാക്കിയ നിര്‍ബന്ധിത സൈനിക സേവനം വീണ്ടും കൊണ്ടുവരണമോയെന്ന ചര്‍ച്ചയ്ക്ക് ഈ നീക്കം വഴിവെച്ചിരിക്കുകയാണ്.
ലോകത്ത് ഇപ്പോഴും ഏകദേശം 60 രാജ്യങ്ങളില്‍ ഏതെങ്കിലും രൂപത്തില്‍ നിര്‍ബന്ധിത സൈനിക സേവനം നിലവിലുണ്ട്. എന്നാല്‍ സേവന കാലാവധി, അര്‍ഹത, നിയമങ്ങള്‍ എന്നിവ ഓരോ രാജ്യത്തും വ്യത്യസ്തമാണ്.
ദക്ഷിണ കൊറിയ
വടക്കന്‍ കൊറിയയില്‍ നിന്നുള്ള സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഭൂരിഭാഗം പുരുഷന്മാര്‍ക്കും സൈനിക സേവനം നിര്‍ബന്ധമാണ്. സൈനിക വിഭാഗം അനുസരിച്ച് 18 മുതല്‍ 21 മാസം വരെയാണ് സേവന കാലാവധി. സ്ത്രീകള്‍ക്ക് സ്വമേധയാ സേനയില്‍ ചേരാം.
ഇസ്രായേല്‍
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ നിര്‍ബന്ധിത സൈനിക സേവന സംവിധാനങ്ങളിലൊന്നാണ് ഇസ്രായേലിലേത്. 18 വയസ് പൂര്‍ത്തിയായ ഭൂരിഭാഗം ജൂത പുരുഷന്മാരും സ്ത്രീകളും സൈനിക സേവനം നിര്‍വഹിക്കണം. മതപരമോ ആരോഗ്യപരമോ ആയ കാരണങ്ങളാല്‍ ചിലര്‍ക്ക് ഒഴിവാക്കല്‍ ലഭിക്കും.
യുക്രെയ്ന്‍
റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്‌നില്‍ നിര്‍ബന്ധിത സൈനിക സേവനവും യുദ്ധകാല മൊബിലൈസേഷനും നിലവിലുണ്ട്. 2022-ല്‍ യുദ്ധം വ്യാപകമായതോടെ റിക്രൂട്ട്‌മെന്റ് നിയമങ്ങളും കൂടുതല്‍ കര്‍ശനമാക്കി.
റഷ്യ
പുരുഷന്മാര്‍ക്ക് ഒരു വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാണ്. യുക്രെയ്ന്‍ യുദ്ധത്തിനിടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനായി റഷ്യ മൊബിലൈസേഷന്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഫിന്‍ലന്‍ഡ്
പുരുഷന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് സ്വമേധയാ ചേരാം. ജനസംഖ്യ താരതമ്യേന കുറവായിട്ടും യൂറോപ്പിലെ ഏറ്റവും വലിയ പരിശീലനം ലഭിച്ച റിസര്‍വ് സേന നിലനിര്‍ത്താനാണ് ഫിന്‍ലന്‍ഡ് നിര്‍ബന്ധിത സൈനിക സേവനം തുടരുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡ്
പുരുഷന്മാര്‍ നിര്‍ബന്ധമായും സൈനിക സേവനം പൂര്‍ത്തിയാക്കുകയും വര്‍ഷങ്ങളോളം റിസര്‍വ് സേനയുടെ ഭാഗമായിരിക്കുകയും വേണം. സ്ത്രീകള്‍ക്ക് സ്വമേധയാ ചേരാന്‍ അവസരമുണ്ട്.
സിംഗപ്പൂര്‍
18 വയസ് പൂര്‍ത്തിയാകുന്ന എല്ലാ പുരുഷ പൗരന്മാരും സ്ഥിരതാമസക്കാരും ദേശീയ സേവനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. തുടര്‍ന്ന് വര്‍ഷങ്ങളോളം റിസര്‍വ് സേനയുടെ ഭാഗമായും സേവനം തുടരും.
ഇറാന്‍
പുരുഷന്മാര്‍ക്ക് 18 മുതല്‍ 24 മാസം വരെ സൈനിക സേവനം നിര്‍ബന്ധമാണ്. ചില സര്‍ക്കാര്‍ ജോലികളിലും ഔദ്യോഗിക സേവനങ്ങളിലും പ്രവേശിക്കാന്‍ സൈനിക സേവനം പൂര്‍ത്തിയാക്കിയിരിക്കണം.
വടക്കന്‍ കൊറിയ
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിര്‍ബന്ധിത സൈനിക സേവന സംവിധാനങ്ങളിലൊന്നാണ് വടക്കന്‍ കൊറിയയിലേത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വര്‍ഷങ്ങളോളം സൈനിക സേവനം നിര്‍ബന്ധമാണ്.
ചൈന
നിയമപ്രകാരം നിര്‍ബന്ധിത സൈനിക സേവനത്തിന് വ്യവസ്ഥയുണ്ടെങ്കിലും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ പ്രധാനമായും സ്വമേധയാ ചേരുന്നവരാണ് സേവനമനുഷ്ഠിക്കുന്നത്. ആവശ്യത്തിന് സന്നദ്ധപ്രവര്‍ത്തകരെ ലഭിക്കുന്നതിനാല്‍ നിര്‍ബന്ധിത റിക്രൂട്ട്‌മെന്റ് അപൂര്‍വമായാണ് നടപ്പാക്കുന്നത്.
തുര്‍ക്കി
പുരുഷന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്രത്യേക പണമടച്ചുള്ള പദ്ധതികളിലൂടെ ചിലര്‍ക്ക് സേവന കാലാവധി കുറയ്ക്കാന്‍ അവസരമുണ്ട്.
ബ്രസീല്‍
നിയമപ്രകാരം പുരുഷന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണെങ്കിലും അര്‍ഹരായ എല്ലാവരെയും തിരഞ്ഞെടുക്കാറില്ല. സൈന്യം പ്രധാനമായും സ്വമേധയാ ചേരുന്നവരെയാണ് ആശ്രയിക്കുന്നത്.
മറ്റ് രാജ്യങ്ങള്‍
ഓസ്ട്രിയ, ബെലറസ്, സൈപ്രസ്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഗ്രീസ്, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, നോര്‍വേ, സ്വീഡന്‍, ഖത്തര്‍, യു എ ഇ, തായ്ലന്‍ഡ്, വിയറ്റ്‌നാം, മംഗോളിയ, അല്‍ജീരിയ, ഈജിപ്ത്, എരിത്രിയ, മൊറോക്കോ, ക്യൂബ എന്നിവിടങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം നിലവിലുണ്ട്.
രാജ്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും, ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷന്മാര്‍ക്കാണ് സൈനിക സേവനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ചില രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കും ഇത് ബാധകമാണ്. ചിലയിടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കോ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കോ മാത്രമാണ് നിര്‍ബന്ധിത സൈനിക സേവനം ബാധകമാകുന്നത്.
