സുരക്ഷയില്‍ പൂര്‍ണവിശ്വാസം; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പുതിയ തീയതി ഉടന്‍

സുരക്ഷയില്‍ പൂര്‍ണവിശ്വാസം; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പുതിയ തീയതി ഉടന്‍


ടെല്‍ അവിവ്/ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചത് സുരക്ഷാ ആശങ്കകളെ തുടര്‍ന്നെന്ന വാര്‍ത്തകള്‍ക്കിടെ, ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യയിലേക്ക് നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനായി പുതിയ തീയതി ഏകോപിപ്പിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ഓഫീസ് അറിയിച്ചു. ഇന്ത്യ-ഇസ്രായേല്‍ ബന്ധം അതീവ ശക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നെതന്യാഹുവിനുള്ള വ്യക്തിബന്ധം ഉറച്ചതാണെന്നും സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷാ വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മാറ്റിവച്ചതെന്നായിരുന്നു ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കുറഞ്ഞത് പതിനഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വര്‍ഷാവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള പദ്ധതി മൂന്നാമതും മാറ്റിവയ്‌ക്കേണ്ടി വന്നത്. സുരക്ഷാ വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷം പുതിയ തീയതി നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ജനുവരി 14 മുതല്‍ 19 വരെ ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് നെതന്യാഹു അവസാനമായി ഇന്ത്യയിലെത്തിയത്. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ രണ്ടാം സന്ദര്‍ശനമായിരുന്നു അത്. തുടര്‍ന്ന് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്താനായിരുന്നു ഇപ്പോഴത്തെ പദ്ധതി.

റെഡ് ഫോര്‍ട്ടിലെ സ്‌ഫോടനത്തിന് പിന്നാലെ പ്രധാനമന്ത്രി മോഡിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നെതന്യാഹു അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിച്ചിരുന്നു. ഇന്ത്യയും ഇസ്രായേലും ശാശ്വതമായ മൂല്യങ്ങളില്‍ നിലകൊള്ളുന്ന പ്രാചീന സംസ്‌കാര കേന്ദ്രങ്ങളാണെന്നും ഭീകരാക്രമണങ്ങള്‍ രാജ്യങ്ങളുടെ ആത്മവിശ്വാസം കുലുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടിനെക്കാള്‍ പ്രകാശമാണ് ശക്തമെന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു.

ഇതിനിടെ വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ മൂന്ന് ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയത്.