അമ്മയും മകനും ഒരേസമയം ബ്രീട്ടീഷ് നഗര മേയർമാർ, ഇന്ത്യൻ വംശജരായ കുടുംബത്തിന് അപൂർവ നേട്ടം

അമ്മയും മകനും ഒരേസമയം ബ്രീട്ടീഷ് നഗര മേയർമാർ, ഇന്ത്യൻ വംശജരായ കുടുംബത്തിന് അപൂർവ നേട്ടം


ലണ്ടൻ: ഇന്ത്യൻ വംശജരായ കുടുംബത്തിന് ബ്രിട്ടനിൽ അപൂർവ നേട്ടം. ഹരിയാന സ്വദേശികളായ അമ്മയും മകനും ഒരാഴ്ചയ്ക്കിടെ ബ്രിട്ടനിലെ രണ്ട് കൗൺസിലുകളുടെ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. 23കാരനായ തുഷാർകുമാറിനും അമ്മ പർവീൺ റാണിക്കുമാണ് ഈ ശ്രദ്ധേയ നേട്ടം.

മെയ് 13ന് എൽസ്ട്രി ആൻഡ് ബോറംവുഡ് ടൗൺ കൗൺസിലിന്റെ മേയറായി തുഷാർ കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയറെന്ന നേട്ടവും തുഷാറിനെ തേടിയെത്തി. പിന്നാലെ മെയ് 20ന് പാർവീൺ റാണി ഹെർട്‌സ്മിയർ ബറോ കൗൺസിലിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഒരേ കുടുംബത്തിലെ അമ്മയും മകനും ഒരേസമയം മേയർ പദവിയിലെത്തിയത് ശ്രദ്ധേയമായി.

ഹരിയാനയിലെ സോണിപത് ജില്ലയിലെ റോഹ്ന ഗ്രാമമാണ് കുടുംബത്തിന്റെ സ്വദേശം. പിന്നീട് വർഷങ്ങളോളം റോഹ്തക്കിൽ താമസിച്ച ശേഷം 2013ലാണ് കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. തുഷാറിന് പത്ത് വയസുള്ളപ്പോഴായിരുന്നു പുതിയ ജീവിതത്തിനായി കുടുംബം യുകെയിലേക്ക് മാറിയത്.

ഇത് കുടുംബത്തിനും ഇന്ത്യൻ സമൂഹത്തിനും വലിയ അഭിമാന നിമിഷമാണെന്ന് തുഷാറിന്റെ പിതാവും വ്യവസായിയുമായ സുനിൽ ദാഹിയ പ്രതികരിച്ചു. അമ്മയും മകനും ഒരേസമയം മേയർ പദവിയിൽ എത്തിയത് ഏറെ പ്രത്യേകതയുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക പ്രവർത്തനങ്ങളിലും പൊതുപ്രവർത്തനങ്ങളിലും തുഷാറും പർവീൺ റാണിയും സജീവമായിരുന്നു. ലണ്ടനിൽ പഠിക്കുന്നതിനിടെയാണ് തുഷാർ 20ാം വയസിൽ കൗൺസിലറാകുന്നത്. 2023ൽ എൽസ്ട്രി ആൻഡ് ബോറംവുഡ് ടൗൺ കൗൺസിലിൽ അംഗമായ അദ്ദേഹം പിന്നീട് ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചു.

ലണ്ടൻ കിംഗ്‌സ് കോളെജിൽ നിന്ന്  ബിരുദം നേടിയ തുഷാർ ഈ വർഷം മാസ്റ്റേഴ്‌സ് പഠനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയിട്ടും കുടുംബം ഇപ്പോഴും ഹരിയാനയുമായും റോഹ്തക്കുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.

പർവീൺ റാണി ഹെർട്‌സ്മിയർ കൗൺസിലിൽ സ്ട്രീറ്റ്‌സ്‌കേപ്പ്, പാർക്കുകൾ, വിനോദം, സംസ്‌കാരം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. ഡെപ്യൂട്ടി മേയറായും ഫിലിം ആൻഡ് ടെലിവിഷൻ ഗ്ലോബൽ എൻവോയിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

യുകെയിൽ ജനിച്ച ഇന്ത്യൻ വംശജരായ കുട്ടികളെ സൗജന്യമായി ഹിന്ദി പഠിപ്പിക്കുന്ന പ്രവർത്തനങ്ങളിലും കുടുംബം സജീവമാണെന്ന് സുനിൽ ദഹിയ വ്യക്തമാക്കി. പ്രായം പൊതുപ്രവർത്തനത്തിന് തടസമല്ലെന്നും സ്വന്തം വേരുകളുമായി ബന്ധം നിലനിർത്തിക്കൊണ്ട് സമൂഹത്തിന് സംഭാവന ചെയ്യണമെന്നുമാണ് തുഷാറിന്റെ സന്ദേശം.