പാരിസ്: ഇന്ത്യ- ഫാന്‍സ് സൗഹൃദത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്ന അപൂര്‍വ നയതന്ത്ര നിമിഷം സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഹിന്ദിയില്‍ സന്ദേശം നല്‍കിയാണ് മാക്രോണ്‍ ശ്രദ്ധ നേടിയത്.
സന്ദര്‍ശനത്തിന് ശേഷം പ്രത്യേക വീഡിയോ സന്ദേശത്തിലായിരുന്നു മാക്രോണിന്റെ ഹിന്ദി ആശംസ. 'പ്രിയ മിത്ര നരേന്ദ്ര, മുഝേ ബഹുത് ഖുഷി ഹുയി, ദൗരേ കേ ലിയേ സ്വാഗത് കര്‍തേ, ഫ്രാന്‍സ്- ഭാരത് കി ദോസ്തി അമര്‍ രഹേ' എന്ന് ഹിന്ദിയില്‍ പറഞ്ഞ അദ്ദേഹം, പിന്നീട് ചിരിച്ചുകൊണ്ട് 'ഞാന്‍ ശരിയായി പറഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു' എന്നും കൂട്ടിച്ചേര്‍ത്തു.
'പ്രിയ സുഹൃത്ത് നരേന്ദ്ര, നിങ്ങളുടെ സന്ദര്‍ശനത്തിന് നന്ദി. നമ്മുടെ സൗഹൃദത്തിന് നന്ദി. അതീവ ഫലപ്രദമായ സന്ദര്‍ശനമായിരുന്നു ഇത്. ഫ്രാന്‍സ് നിങ്ങളെ സ്‌നേഹിക്കുന്നു. അടുത്ത ഫെബ്രുവരിയില്‍ വീണ്ടും കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജയ്ഹിന്ദ്,' എന്ന് ഇംഗ്ലീഷില്‍ മാക്രോണ്‍ തുടര്‍ന്ന് പറഞ്ഞു.
ജി7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ സൗഹൃദ സന്ദേശം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോഡി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ നിരവധി ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ജൂണ്‍ 14-ന് നീസിലെ വില്ല കെറിലോസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ഈ വര്‍ഷം 'സ്‌പെഷ്യല്‍ ഗ്ലോബല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' തലത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി ചര്‍ച്ചകളാണ് മോദിയും മാക്രോണും നടത്തിയത്.
പ്രതിരോധ സഹകരണത്തിന്റെ പുരോഗതി വിലയിരുത്തിയ ഇരുനേതാക്കളും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും അത്യാധുനിക സാങ്കേതികവിദ്യകളുടെയും സംയുക്ത രൂപകല്‍പന, വികസനം, ഉത്പാദനം എന്നിവയില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണയിലെത്തി.
ബഹിരാകാശ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. മനുഷ്യ ബഹിരാകാശ യാത്ര, ബഹിരാകാശ നിരീക്ഷണ സംവിധാനങ്ങള്‍, സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കല്‍ തുടങ്ങിയ മേഖലകളില്‍ പുതിയ സാധ്യതകള്‍ ഇരുനേതാക്കളും പരിശോധിച്ചു.
ഇതിനു മുമ്പ് വിവാടെക് 2026 പരിപാടിയില്‍ സംരംഭകരുമായും നവോഥാന രംഗത്തെ പ്രതിനിധികളുമായും മോഡിയും മാക്രോണും സംവദിച്ചിരുന്നു. വിവിധ മേഖലകളിലെ പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യ- ഫ്രാന്‍സ് സാമ്പത്തിക, സാങ്കേതിക സഹകരണത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍.
