ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും


ന്യൂഡല്‍ഹി: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം മാക്രോണ്‍ ഫെബ്രുവരി 17ന് ഇന്ത്യയിലെത്തുകയും 19 വരെ തുടരുകയും ചെയ്യും.

2023ല്‍ ഇന്ത്യ- ഫ്രാന്‍സ് നയതന്ത്രബന്ധത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വീകരിച്ച ഹൊറൈസണ്‍ 2047 റോഡ് മാപ്പ് പ്രകാരമുള്ള പുരോഗതി വിലയിരുത്തുന്ന ഘട്ടത്തിലാണ് ഈ സന്ദര്‍ശനം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തോടും ഫ്രാന്‍സുമായുള്ള നയതന്ത്രബന്ധങ്ങളുടെ ശതാബ്ദിയോടുമനുബന്ധിച്ച് 2047 വരെ ഇരുരാജ്യ ബന്ധങ്ങള്‍ക്ക് ദിശനിര്‍ദേശമടങ്ങുന്നതാണ് ഈ റോഡ്മാപ്പ്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഹൊറൈസണ്‍ 2047 റോഡ് മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിപുലമായ മേഖലകളില്‍ രണ്ടു രാജ്യങ്ങളുടേയും സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തും. ഇന്‍ഡോ- പസഫിക് മേഖലയിലെ സഹകരണം ഉള്‍പ്പെടെ, പരസ്പര താത്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.

മാക്രോണും മോഡിയും മുംബൈയില്‍ ഇന്ത്യ- ഫ്രാന്‍സ് നവോഥാന വര്‍ഷം ഉദ്ഘാടനം ചെയ്യും. 2026 മുഴുവന്‍ സാങ്കേതികവിദ്യയും ഗവേഷണവും കേന്ദ്രീകരിച്ചുള്ള സംയുക്ത പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഫെബ്രുവരി 19ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിലും ഫ്രഞ്ച് പ്രസിഡന്റ് പങ്കെടുക്കും. നിര്‍മിത ബുദ്ധി രംഗത്തെ മുന്‍ സഹകരണങ്ങളെ ഇതിലൂടെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം.

2025 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോഡി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴവും പരസ്പര വിശ്വാസവും ഇതിലൂടെ വീണ്ടും വ്യക്തമാകുന്നു.

മുമ്പ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഫ്രാന്‍സ് സന്ദര്‍ശിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോവല്‍ ബാരോവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

2026 മെയ് 11, 12 തിയ്യതികളില്‍ കെനിയയിലെ നൈറോബിയില്‍ നടക്കുന്ന ആഫ്രിക്ക- ഫ്രാന്‍സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോഡിയെയും ജര്‍മന്‍ ചാന്‍സലറെയും മാക്രോണ്‍ ക്ഷണിച്ചിട്ടുണ്ട്.

പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യ- ഫ്രാന്‍സ് ബന്ധം ഇന്ത്യയുടെ ഏറ്റവും പ്രധാന തന്ത്രപരമായ പങ്കാളിത്തങ്ങളിലൊന്നാണ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൈമാറിയതും പി-75 പദ്ധതിയുടെ ഭാഗമായി സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളിലെ സഹകരണവും ഇതില്‍ ഉള്‍പ്പെടുന്നു.

സാങ്കേതിക കൈമാറ്റവും സംയുക്ത വികസനവും വഴി ഇന്ത്യയുടെ സ്വയംപര്യാപ്തത ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പ്രധാന പ്രതിരോധ പങ്കാളികളില്‍ ഒന്നാണ് ഫ്രാന്‍സ്. സിവില്‍ ആണവോര്‍ജം, ബഹിരാകാശം, ഇന്‍ഡോ- പസഫിക് മേഖല എന്നിവയിലേക്കും സഹകരണം വ്യാപിച്ചിരിക്കുകയാണ്. സമുദ്രസുരക്ഷ, നിയമാധിഷ്ഠിത അന്തര്‍ദേശീയ ക്രമം, പ്രാദേശിക വെല്ലുവിളികളെ നേരിടല്‍ എന്നിവയില്‍ ഇരു രാജ്യങ്ങള്‍ക്കും പൊതുവായ താത്പര്യങ്ങളുണ്ട്. ശുദ്ധോര്‍ജം, നവീകരണം, നിര്‍മിത ബുദ്ധി തുടങ്ങിയ പുതുമേഖലകളും ഈ പങ്കാളിത്തത്തിന്റെ ഭാഗമാണ്.