കിംഗ് ചാൾസിന്റെ സഹോദരൻ ആൻഡ്രൂ മൗണ്ട് ബാറ്റൻ വിൻഡ്‌സർ അറസ്റ്റിൽ

കിംഗ് ചാൾസിന്റെ സഹോദരൻ ആൻഡ്രൂ മൗണ്ട് ബാറ്റൻ വിൻഡ്‌സർ അറസ്റ്റിൽ


ലണ്ടൻ: പൊതുപദവിയിൽ ഇരുന്നുകൊണ്ട് പദവിക്കുനിരക്കാത്ത കാര്യങ്ങൾ ചെയ്തു എന്ന  സംശയത്തെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കിംഗ് ചാൾസിന്റെ സഹോദരനായ ആൻഡ്രൂ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും ബെർക്ക്‌ഷെയറും നോർഫോക്കും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വസതികളിൽ പരിശോധന തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റ് പരിസരത്ത് ഇന്ന് രാവിലെ പൊലീസ് വാഹനങ്ങൾ എത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രീ എപ്സ്റ്റീന്റെ  രഹസ്യ വിവരങ്ങൾ പങ്കുവെച്ചെന്ന പരാതിയെ തുടർന്നാണ് അന്വേഷണം ശക്തമായത്. ഈ പരാതിയെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന് സേംസ് വാലി പൊലീസ് അറിയിച്ചു.

ആൻഡ്രൂവിന്  ഇന്ന് 66ാം പിറന്നാളാണ്. എപ്സ്റ്റീനെ സംബന്ധിച്ച ആരോപണങ്ങളിൽ മുൻപ് തന്നെ താൻ നിരപരാധിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനുവരിയിൽ പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളിൽ ആൻഡ്രൂ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ പുറത്തുവരൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.