മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായി മാറിയ മുന്‍ ക്രെംലിന്‍ അനുകൂല ബ്ലോഗര്‍ ഇല്യ റെംസ്ലോയെ റഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. റഷ്യന്‍ സായുധ സേനയെക്കുറിച്ച് വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. റഷ്യയിലെ യുക്രൈന്‍ യുദ്ധത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിനിടെയാണ് അറസ്റ്റ്.
വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ച പുലര്‍ച്ചെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നാണ് റെംസ്ലോയെ കസ്റ്റഡിയിലെടുത്തത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
റെംസ്ലോയെ വിചാരണയ്ക്ക് മുമ്പുള്ള നിയന്ത്രണ നടപടികള്‍ സംബന്ധിച്ച കോടതി നടപടികള്‍ക്കായി മോസ്‌കോയിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സെര്‍ജി ബദാഷ്മിന്‍ അറിയിച്ചു. എന്നാല്‍, കുറ്റാരോപണത്തെ അദ്ദേഹം ചോദ്യം ചെയ്യുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വര്‍ഷങ്ങളോളം ക്രെംലിനെ അനുകൂലിച്ചിരുന്ന റെംസ്ലോ ഈ വര്‍ഷം മാര്‍ച്ചിലാണ് 'ഞാന്‍ എന്തുകൊണ്ടാണ് വ്ളാദിമിര്‍ പുടിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചത് അഞ്ച് കാരണങ്ങള്‍' എന്ന തലക്കെട്ടില്‍ ടെലഗ്രാമില്‍ ദീര്‍ഘമായ കുറിപ്പ് പ്രസിദ്ധീകരിച്ചത്. വൈറലായ ആ കുറിപ്പില്‍ പുടിനെ 'യുദ്ധക്കുറ്റവാളിയും കള്ളനും' എന്ന് വിശേഷിപ്പിച്ച അദ്ദേഹം യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനവും ഉന്നയിച്ചു.
അന്തരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ ശക്തമായ വിമര്‍ശകനായും അദ്ദേഹത്തിനെതിരായ കോടതി നടപടികളില്‍ സാക്ഷിയായും മുമ്പ് അറിയപ്പെട്ടിരുന്ന റെംസ്ലോയുടെ നിലപാട് മാറ്റം റഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
ലേഖനം പ്രസിദ്ധീകരിച്ച അടുത്ത ദിവസം തന്നെ 42-കാരനായ റെംസ്ലോയെ ദുരൂഹ സാഹചര്യത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്കുശേഷം പുറത്തിറങ്ങിയ അദ്ദേഹം, പുടിനെതിരായ വിമര്‍ശനം സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതല്‍ ശക്തമാക്കുകയും ആശുപത്രിവാസം തന്റെ അഭിപ്രായപ്രകടനത്തിന് നല്‍കിയ 'വില'യാണെന്ന് ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തു.
അതേസമയം, പുടിന്റെ മറ്റൊരു വിമര്‍ശകനും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ബോറിസ് നദെഷ്ദിന്റെ കേസും വെള്ളിയാഴ്ച മോസ്‌കോ മേഖലയിലെ കോടതിയില്‍ പരിഗണിച്ചു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട നദെഷ്ദിനെ കഴിഞ്ഞ ആഴ്ച 'വിദേശ ഏജന്റ്' ആയി റഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
2023ല്‍ ടെലഗ്രാം ചാനലില്‍ പങ്കുവെച്ച ഒരു യൂട്യൂബ് ലിങ്കില്‍ അലക്‌സി നവാല്‍നിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് 'തീവ്രവാദ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു' എന്ന കുറ്റമാണ് നദെഷ്ദിനെതിരെ ചുമത്തിയത്. എന്നാല്‍ അദ്ദേഹം കുറ്റം നിഷേധിച്ചു.
കേസില്‍ കോടതി നദെഷ്ദിന് 1,000 റൂബിള്‍ പിഴ ചുമത്തി വിട്ടയച്ചു. എന്നാല്‍ 'വിദേശ ഏജന്റ്' പദവി ലഭിച്ചതോടെ സെപ്റ്റംബറില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.
കോടതിയില്‍ നടത്തിയ പ്രസംഗത്തില്‍, 'എന്നെ മിണ്ടാതാക്കാനും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനുമാണ് ഈ വിചാരണയുടെ ലക്ഷ്യം' എന്ന് നദെഷ്ദിന്‍ ആരോപിച്ചു.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാന്‍ നദെഷ്ദിന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹത്തെ പിന്തുണച്ച് ഒപ്പുവയ്ക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ നീണ്ട നിരകളിലായി കാത്തുനിന്നത് ക്രെംലിനെ അസ്വസ്ഥമാക്കിയിരുന്നു. കുടുംബത്തിന്റെ സുരക്ഷയ്ക്കായി രാജ്യം വിടുന്നത് പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ റഷ്യ വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അതിനെതിരെ അപ്പീല്‍ നല്‍കുമെന്നും നദെഷ്ദിന്‍ അറിയിച്ചു.
