ഇസ്താംബുള്‍: ഇറാന്‍ മുന്‍ പ്രസിഡന്റ് മഹമൂദ് അഹമദിനെജാദ് കൊല്ലപ്പെട്ടില്ലെന്നും സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ അടുത്ത സഹായി അറിയിച്ചു. യു എസ്- ഇസ്രയേല്‍ സംയുക്താക്രമണങ്ങള്‍ ഇറാന്റെ മുതിര്‍ന്ന നേതൃത്വത്തെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
താന്‍ അദ്ദേഹവുമായി ബന്ധത്തിപ്പെടുന്നുണ്ടെന്നും എല്ലാം സുഖമാണെന്നും പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉപദേഷ്ടാവിനെ ഉദ്ധരിച്ച് അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അഹ്മദിനെജാദിന്റെ സുരക്ഷാ സംഘവുമായി ബന്ധപ്പെട്ട ഒരു കെട്ടിടം കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. പ്രസ്തുത ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അംഗങ്ങളായ മൂന്ന് ബോഡിഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, ആക്രമിക്കപ്പെട്ട കെട്ടിടത്തില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെയുള്ള അദ്ദേഹത്തിന്റെ വസതിക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും അത് ലക്ഷ്യമാക്കിയിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
2005 മുതല്‍ 2013 വരെ ഇറാന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അഹ്മദിനെജാദ്, ഇസ്രയേല്‍- യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
