അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ ഡല്‍ഹിയും മുംബൈയും ലക്ഷ്യമാകുമെന്ന് മുന്‍ ഹൈക്കമ്മീഷണര്‍

അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ ഡല്‍ഹിയും മുംബൈയും ലക്ഷ്യമാകുമെന്ന് മുന്‍ ഹൈക്കമ്മീഷണര്‍


കറാച്ചി: ഇറാന്‍ യുദ്ധം തുടരുന്നതിനിടെ മേഖലയിലെ സംഘര്‍ഷം കുറയാത്ത സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് നിലനില്‍പ്പിന് ഭീഷണി നേരിടേണ്ടി വന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാമെന്ന മുന്നറിയിപ്പോടെ ഇന്ത്യയിലെ മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പുതിയ ആശങ്കകള്‍ ഉയര്‍ത്തി. 2014 മുതല്‍ 2017 വരെ ന്യൂഡല്‍ഹിയില്‍ ഇസ്ലാമാബാദിന്റെ മുന്‍നിര നയതന്ത്രജ്ഞനായിരുന്ന ബാസിത് ഏറ്റവും മോശമായ സാഹചര്യം കണക്കിലെടുത്തുള്ള ചര്‍ച്ചയിലാണ് വിവാദപരമായ പ്രസ്താവന നടത്തിയത്.

ഇറാനിലെ സ്ഥിതി കൂടുതല്‍ മോശമാകുകയും ഇസ്രായേല്‍ തങ്ങളോട് കൂടുതല്‍ അടുത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ചിന്തിക്കണമെന്നും അതുപോലെ തന്നെ അമേരിക്ക തങ്ങളുടെ ആണവ പദ്ധതിയെ നെഗറ്റീവായി കാണുകയോ ആണവ ശേഷി തകര്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകാമെന്നും ബാസിത് പറഞ്ഞു.

താന്‍ പറയുന്നത് ഏറ്റവും മോശമായ ഒരു സാധ്യതയെക്കുറിച്ചാണെന്നും യാഥാര്‍ഥത്തില്‍ അതിന് സാധ്യത വളരെ കുറവാണെന്നും പാകിസ്ഥാനിന് സ്വയം പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക പാകിസ്ഥാനെ ആക്രമിക്കുകയും ദൂരപരിധി അല്ലെങ്കില്‍ പ്രവര്‍ത്തനപരമായ നിയന്ത്രണങ്ങള്‍ കാരണം നേരിട്ട് പ്രതികരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ ഇന്ത്യ സ്വാഭാവിക ലക്ഷ്യമായി മാറുമെന്ന് ബാസിത് വാദിച്ചു.

അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലുള്ള അവരുടെ താവളങ്ങളെയോ ഇസ്രായേലിനെയോ ലക്ഷ്യമാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ തങ്ങള്‍ക്ക് ഉള്ള ഏക മാര്‍ഗം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെങ്കില്‍ ഒരു മടിയും കൂടാതെ ഇന്ത്യയിലെമുംബൈയും ന്യൂഡല്‍ഹിയും ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനു ശേഷം എന്തുസംഭവിക്കുമെന്നത് പിന്നീട് കൈകാര്യം ചെയ്യാമെന്നും തങ്ങള്‍ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യം യാഥാര്‍ഥത്തില്‍ അപൂര്‍വമാണെങ്കിലും സിദ്ധാന്തപരമായി സാധ്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

അമേരിക്കയെ നേരിട്ട് ലക്ഷ്യമാക്കാന്‍ ദൂരപരിധി ഇല്ലാത്തതിനാല്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കുന്ന സമീപനവുമായി ബാസിതിന്റെ പ്രസ്താവനകള്‍ സാമ്യമുള്ളതാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തെഹ്റാന്‍ ലക്ഷ്യമാക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ അത്തരത്തിലുള്ള വാഷിംഗ്ടണ്‍ സൈനിക സാന്നിധ്യം ഇല്ലെന്നതിനാല്‍ ബാസിതിന്റെ നിര്‍ദേശം ഉത്തരവാദിത്തമില്ലാത്തതും പ്രകോപനപരവുമാണെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുല്‍സി ഗബ്ബാര്‍ഡ് ബുധനാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബാസിതിന്റെ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. റഷ്യ, ചൈന, ഉത്തരകൊറിയ, പാകിസ്ഥാന്‍ എന്നിവയാണ് അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവ ഭീഷണികളെന്ന് സെനറ്റ് സമിതിയോട് ഗബ്ബാര്‍ഡ് പറഞ്ഞു. ഇറാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈല്‍ ശേഷികളെക്കുറിച്ചുള്ള ആശങ്കകളും അവര്‍ ചൂണ്ടിക്കാട്ടി.