അഴിമതിക്കേസില്‍ ചൈനീസ് മുന്‍ നീതിന്യായ മന്ത്രിക്ക് ജീവപര്യന്തം തടവ്

അഴിമതിക്കേസില്‍ ചൈനീസ് മുന്‍ നീതിന്യായ മന്ത്രിക്ക് ജീവപര്യന്തം തടവ്


ബീജിംഗ്: പത്ത് വര്‍ഷത്തിലധികം കാലയളവില്‍ 20 മില്യണ്‍ ഡോളറോളം കൈക്കൂലി സ്വീകരിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  ചൈനീസ് മുന്‍ നീതിന്യായ മന്ത്രിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി ചൈനയിലെ കോടതി അറിയിച്ചു.

64കാരനായി ടാങ് യിജുന്‍ 2020 മുതല്‍ 2023 വരെയാണ് ചൈനയുടെ നീതിന്യായ മന്ത്രിയായി പ്രവര്‍ത്തിച്ചത്. ഇതിനുമുമ്പ് ലിയോണിംഗ് പ്രവിശ്യയുടെ ഗവര്‍ണര്‍, നിങ്‌ബോ നഗരത്തിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2012-ല്‍ അധികാരത്തിലെത്തിയതിനു ശേഷം പ്രസിഡന്റ് ഷി ജിന്‍പിംഗ് രാജ്യവ്യാപകമായ അഴിമതി വിരുദ്ധ നീക്കമാണ് നടത്തിവരുന്നത്. എന്നാല്‍, ഈ നടപടികള്‍ അദ്ദേഹത്തിന് രാഷ്ട്രീയ എതിരാളികളെ നീക്കം ചെയ്യാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. 

2006 മുതല്‍ 2022 വരെയുള്ള കാലയളവില്‍ താന്‍ തുടര്‍ച്ചയായി വഹിച്ച പദവികളോട് ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്ത് വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗകര്യങ്ങള്‍ ലഭ്യമാക്കിയെന്നാണ് ടാങിനെതിരായ കണ്ടെത്തലെന്ന് കിഴക്കന്‍ ചൈനയിലെ ഷിയാമെന്‍ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കൈക്കൂലിക്ക് പകരം ഐ പി ഒ, ബാങ്ക് വായ്പകള്‍ ഉറപ്പാക്കല്‍, ഭൂമി കൈവശപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ടാങ് സഹായം നല്‍കിയതായി കോടതി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മൊത്തം 137 മില്യണ്‍ യുവാന്‍ (ഏകദേശം 19.7 മില്യണ്‍ ഡോളര്‍) അദ്ദേഹം കൈപ്പറ്റിയതായും കോടതി പറഞ്ഞു.

വന്‍ കൈക്കൂലി തുക രാജ്യത്തിന്റേയും ജനങ്ങളുടെയും താത്പര്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതം വരുത്തിയതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, അറസ്റ്റ് ചെയ്തതിന് ശേഷം ടാങ് കുറ്റം സമ്മതിക്കുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തതിനെ ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള പരിഗണനയായി കോടതി കണ്ടിരുന്നു. 

2022ല്‍ ചൈനീസ് മുന്‍ നീതിന്യായ മന്ത്രി ഫു ഷെങ്ഹുവയും അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും പിന്നീട് ജീവപര്യന്തമായി കുറച്ചു.

ചൈനയിലെ ഏറ്റവും ശക്തനായ സൈനിക ഉദ്യോഗസ്ഥരിലൊരാളായ ജനറല്‍ ഴാങ് യൂഷ്യയ്ക്കെതിരെയും അഴിമതി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.