ഇംറാന്‍ ഖാന് മികച്ച പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌ക്കറും കപില്‍ദേവും ഉള്‍പ്പെടെ മുന്‍ നായകര്‍ പാകിസ്ഥാന് കത്ത് നല്‍കി

ഇംറാന്‍ ഖാന് മികച്ച പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌ക്കറും കപില്‍ദേവും ഉള്‍പ്പെടെ മുന്‍ നായകര്‍ പാകിസ്ഥാന് കത്ത് നല്‍കി


ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ നായകനും മുന്‍ പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാന്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ക്രിക്കറ്റ് ലോകത്തിലെ 14 പ്രമുഖ മുന്‍ നായകര്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് നീതിപൂര്‍വമായ പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്ന് സുനില്‍ ഗവാസ്‌ക്കറും കപില്‍ദേവും ഉള്‍പ്പെടെ ഒപ്പുവെച്ച സംയുക്ത കത്തിലാണ് അഭ്യര്‍ഥന നടത്തിയത്. 

800 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ഇംറാന്‍ ഖാന്റെ വലത് കണ്ണിലെ കാഴ്ച 85 ശതമാനം വരെ കുറഞ്ഞുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അറിയുന്നു.

സംയുക്ത പ്രസ്താവനയില്‍ ഓസ്ട്രേലിയന്‍ മുന്‍ നായകനും മുന്‍ ഇന്ത്യ പരിശീലകനുമായ ഗ്രെഗ് ചാപ്പല്‍ ഉള്‍പ്പെടെ 12-ല്‍ അധികം മുന്‍ നായകര്‍ ഒപ്പുവച്ചു. ഇംറാന്‍ ഖാന്റെ ശാരീരിക, മാനസിക, പരിസ്ഥിതി, സാമൂഹിക സാഹചര്യങ്ങളില്‍ നീതിയും മാനുഷികതയും പാലിക്കണമെന്ന് അവര്‍ ശക്തമായി ആവശ്യപ്പെട്ടു.

ഇംറാന്‍ഖാന് ഇഷ്ടാനുസൃത വിദഗ്ധരില്‍ നിന്ന് ഉടന്‍തന്നെയും തുടര്‍ച്ചയായും ആവശ്യമായ ചികിത്സ ലഭ്യമാക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മാനുഷികവും ഗൗരവമുള്ളതുമായ തടങ്കല്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുക, അടുത്ത കുടുംബാംഗങ്ങളുടെ സ്ഥിരമായ സന്ദര്‍ശനങ്ങള്‍ അനുവദിക്കുക, നിയമനടപടികളിലേക്കുള്ള നീതിപൂര്‍വവും സുതാര്യവുമായ പ്രവേശനം അനാവശ്യമായ താമസമോ തടസമോ കൂടാതെ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 

മൈക്കല്‍ ആതര്‍ടണ്‍, അലന്‍ ബോര്‍ഡര്‍, മൈക്കല്‍ ബ്രിയര്‍ലി, ഇയാന്‍ ചാപ്പല്‍, ബെലിന്ദ ക്ലാര്‍ക്ക്, ഡേവിഡ് ഗവര്‍, കിം ഹ്യൂഗ്‌സ്, നാസര്‍ ഹുസൈന്‍, ക്ലൈവ് ലോയ്്ഡ്, സ്റ്റീവ് വാഗ്, ജോണ്‍ റൈറ്റ് എന്നിവരാണ് ഒപ്പുവെച്ച മറ്റുള്ളവര്‍. 

കസ്റ്റഡിയില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ കാഴ്ച ശക്തമായി കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ രണ്ടര വര്‍ഷമായി തുടരുന്ന തടങ്കല്‍ സാഹചര്യങ്ങളും തങ്ങളെ അതീവ ആശങ്കപ്പെടുത്തുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഫെയര്‍ പ്ലേയും ബഹുമാനവും അതിരുകള്‍ക്കപ്പുറം നിലനില്‍ക്കുന്ന മൂല്യങ്ങളാണെന്ന് മനസ്സിലാക്കുന്ന ക്രിക്കറ്റ് താരങ്ങളായ നമുക്ക്, ഒരു മുന്‍ ദേശീയ നേതാവും ആഗോള കായിക പ്രതിഭയും ആയ ഇംറാന്‍ ഖാന്‍ ഗൗരവത്തോടെയും മാനുഷിക പരിഗണനയോടെയും പെരുമാറപ്പെടേണ്ടവനാണെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

1992ലെ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെ ആദ്യമായി ചാമ്പ്യന്‍മാരാക്കി ഉയര്‍ത്തിയ നായകനായിരുന്നു ഇംറാന്‍ ഖാന്‍. അദ്ദേഹത്തിന്റെ നേതൃത്വവും ഓള്‍റൗണ്ടര്‍ കഴിവും തലമുറകളെ പ്രചോദിപ്പിച്ചതാണെന്ന് കത്തില്‍ പറയുന്നു. ''അദ്ദേഹം ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നു എന്ന കാര്യം രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കപ്പുറം ബഹുമാനിക്കപ്പെടണം'' എന്നും അവര്‍ വ്യക്തമാക്കി.

'ക്രിക്കറ്റ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ്. സ്റ്റംപുകള്‍ പറിച്ചെടുക്കുമ്പോള്‍ മത്സരമവസാനിക്കും, പക്ഷേ ബഹുമാനം തുടരും. ഇംറാന്‍ ഖാന്‍ തന്റെ കരിയറിലുടനീളം അത് പ്രതിനിധീകരിച്ചു. അതിനെ മാനിച്ച് നീതിയും മാനുഷികതയും പാലിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു'' പ്രസ്താവനയില്‍ പറയുന്നു.