ക്യൂബയിൽ നിന്ന് വിദേശ കമ്പനികളുടെ പിന്മാറ്റം; സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു

ക്യൂബയിൽ നിന്ന് വിദേശ കമ്പനികളുടെ പിന്മാറ്റം; സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു


ഹവാന: ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ആഴത്തിലേക്ക് നീങ്ങുന്നതിനിടെ വിദേശ കമ്പനികൾ ഒന്നൊന്നായി രാജ്യത്ത് നിന്ന് പിന്മാറുന്നു. അമേരിക്കയുടെ കടുത്ത ഉപരോധങ്ങളും രാഷ്ട്രീയ സമ്മർദങ്ങളും ശക്തമാകുന്നതിനൊപ്പം നിക്ഷേപകരുടെ വിശ്വാസവും തകർന്നതോടെയാണ് ഈ സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.

ക്യൂബയിലെത്തുന്ന വിദേശ സഞ്ചാരികൾക്ക് ഇനി മുതൽ മാസ്റ്റർകാർഡും വിസ കാർഡും ഉപയോഗിക്കാൻ കഴിയില്ലെന്ന് ക്യൂബൻ സെൻട്രൽ ബാങ്ക് അറിയിച്ചു. അതേസമയം, സ്പാനിഷ് ഹോട്ടൽ ശൃംഖലകളായ മെലിയയും ഇബറോസ്റ്റാറും തങ്ങൾ നിയന്ത്രിച്ചിരുന്ന നിരവധി ഹോട്ടലുകളുടെ നടത്തിപ്പ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ടൂറിസം മേഖലയിലെ ഇടിവിനെ തുടർന്ന് കാനഡ ആസ്ഥാനമായുള്ള റോയൽട്ടൺ ഹോട്ടൽ ഗ്രൂപ്പും പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ നിക്ഷേപകരിലൊന്നായ കനേഡിയൻ ഖനന കമ്പനിയായ ഷെറിറ്റ് ഇന്റർനാഷണലിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച കമ്പനി വിദേശ ജീവനക്കാരെ തിരിച്ചുവിളിച്ചിരിക്കുകയാണ്. കിഴക്കൻ ക്യൂബയിലെ മോവ ഖനിയിൽ നിന്ന് നിക്കൽ, കോബാൾട്ട് എന്നിവ ഉൽപ്പാദിപ്പിച്ചിരുന്ന ഷെറിറ്റിന്റെ പിന്മാറ്റം രാജ്യത്തിന്റെ പ്രധാന കയറ്റുമതി മേഖലയെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇതിനുമുമ്പ് ഇന്ധനക്ഷാമത്തെ തുടർന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ ക്യൂബയിലേക്കുള്ള സർവീസുകൾ നിർത്തിയിരുന്നു. ഇതും രാജ്യത്തെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചു.

പതിറ്റാണ്ടുകളായി അമേരിക്കൻ ഉപരോധം നിലനിന്നിരുന്നെങ്കിലും വിദേശ കമ്പനികൾ ക്യൂബയിൽ നിക്ഷേപം തുടരുകയായിരുന്നു. ടൂറിസം, ഖനനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദേശ നിക്ഷേപം രാജ്യത്തിന് വിലപ്പെട്ട വിദേശനാണ്യ വരുമാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക തകർച്ച രൂക്ഷമായതും ട്രംപ് ഭരണകൂടം ഹവാനയ്‌ക്കെതിരായ സമ്മർദം ശക്തമാക്കിയതും കമ്പനികളെ പിന്മാറാൻ നിർബന്ധിതരാക്കി.

ക്യൂബൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക അടുത്തിടെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്യൂബൻ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം നിയന്ത്രിക്കുന്ന ജിഎഇഎസ്എ (GAESA) എന്ന സ്ഥാപനത്തിനെതിരായ നടപടികളും വിദേശ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധം തുടരുന്ന കമ്പനികൾക്ക് രണ്ടാംഘട്ട ഉപരോധം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്.

വർഷങ്ങളായുള്ള സാമ്പത്തിക ദുർവിനിയോഗം, അഴിമതി, അമേരിക്കൻ ഉപരോധങ്ങൾ എന്നിവയുടെ ആഘാതത്തിൽ ക്യൂബയുടെ സമ്പദ്‌വ്യവസ്ഥ നേരത്തേ തന്നെ പ്രതിസന്ധിയിലായിരുന്നു. വെനസ്വേലയിൽ നിന്ന് ലഭിച്ചിരുന്ന സബ്‌സിഡി എണ്ണ വിതരണം നിലച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. പൊതുഗതാഗതം, കൃഷി, വൈദ്യുതി വിതരണം തുടങ്ങി എല്ലാ മേഖലകളും പ്രതിസന്ധിയിലായി. മണിക്കൂറുകളോളം നീളുന്ന വൈദ്യുതി മുടക്കവും വിലക്കയറ്റവും ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വിദേശ കമ്പനികളുടെ കൂട്ടപ്പിന്മാറ്റവും നടക്കുന്നത്. ഇതോടെ ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്. രാജ്യത്ത് രൂപപ്പെട്ട നിക്ഷേപ ശൂന്യത നികത്താൻ പുതിയ നിക്ഷേപകർ എത്തുമെന്ന പ്രതീക്ഷയും നിലവിൽ വളരെ കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.