ഫ്‌ളൈദുബായ് സഹപൈലറ്റിന്റെ ഓസ്‌ട്രേലിയൻ ബന്ധങ്ങൾ അന്വേഷിച്ച് തീവ്രവാദ വിരുദ്ധ ഏജൻസി

ഫ്‌ളൈദുബായ് സഹപൈലറ്റിന്റെ ഓസ്‌ട്രേലിയൻ ബന്ധങ്ങൾ അന്വേഷിച്ച് തീവ്രവാദ വിരുദ്ധ ഏജൻസി


മെൽബൺ: ഇസ്രയേലലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചെന്നാരോപിക്കപ്പെടുന്ന സഹപൈലറ്റ് ഹമാം അൽഹമ്മാമിക്ക് ഓസ്‌ട്രേലിയയുമായുണ്ടായിരുന്ന ബന്ധങ്ങൾ അന്വേഷിച്ച് രാജ്യത്തെ സുരക്ഷാ ഏജൻസികൾ. 
ഒമാൻ സ്വദേശിയായ ഹമാം അൽഹമ്മാമി ഏകദേശം രണ്ട് വർഷത്തോളം ഓസ്‌ട്രേലിയയിൽ വിദ്യാർഥിയായി കഴിഞ്ഞിരുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ്, വക്ടോറിയ പൊലീസ്, ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ  (ASIO) എന്നിവ ഉൾപ്പെടുന്ന വക്ടോറിയൻ ജോയിന്റ് കൗണ്ടർ ടെററിസം ടീമാണ് അന്വേഷണം നടത്തുന്നത്. ഹമാമിക്ക് 2014ൽ ഓസ്‌ട്രേലിയൻ വിദ്യാർഥി വിസ ലഭിച്ചെന്നും 2015ൽ രാജ്യത്തെത്തി സർവകലാശാലാ പഠനം ആരംഭിച്ചെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റപ്പോർട്ടുകൾ പറയുന്നു. 
2017ൽ അദ്ദേഹം ഓസ്‌ട്രേലിയ വിട്ടു. പഠിച്ചിരുന്ന കോഴ്‌സിൽ പിന്നീട് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് 2019ൽ വിദ്യാർഥി വിസ റദ്ദാക്കിയതായും റപ്പോർട്ടുണ്ട്. എന്നാൽ വിസ റദ്ദാക്കിയത് സുരക്ഷാ കാരണങ്ങളാലോ സ്വഭാവവുമായി ബന്ധപ്പെട്ട കാരണങ്ങളാലോ ആയിരുന്നില്ലെന്നും, കോഴ്‌സിൽ എന്റോൾമെന്റ് ഇല്ലാതായതിനെ തുടർന്നുള്ള നടപടിയാണെന്നുമാണ് ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ റപ്പോർട്ട് ചെയ്യുന്നത്. 
 ഓസ്‌ട്രേലിയൻ അധികൃതർ ഇപ്പോൾ പ്രധാനമായും പരശോധിക്കുന്നത് ഹമാമി രാജ്യത്ത് കഴിഞ്ഞിരുന്ന കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ആശയവൽക്കരണവുമായി ബന്ധപ്പെട്ടുിരുന്നോ, ഓസ്‌ട്രേലിയയിൽ നിന്ന് മറ്റേതെങ്കിലും വ്യക്തികളുമായോ സംഘടനകളുമായോ ബന്ധമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ്. 
അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇയാൾ ഓസ്‌ട്രേലിയയിൽവെച്ച് തീവ്രവാദ ആശയങ്ങളലേക്ക് തിരിഞ്ഞുവെന്നതിന് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 'വിക്ടോറിയൻ ജോയിന്റ് കൗണ്ടർ ടെററിസം ടീം ഇയാളുടെ ഓസ്‌ട്രേലിയയുമായുള്ള ബന്ധങ്ങൾ അന്വേഷിക്കുന്നുണ്ട്. ഉചിതമായ സമയത്ത് കൂടുതൽ വിവരങ്ങൾ നൽകും' എന്നാണ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് വക്താവ് അറിയിച്ചത്.  

അതേസമയം, സെപ്തംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവലേക്ക് പറന്ന ഫ്‌ളൈദുബായ് FZ 1073 വിമാനത്തിലാണ് സംഭവങ്ങളുടെ തുടക്കം. 174 യാത്രക്കാരുൾപ്പെടെ 180ലേറെ പേർ വിമാനത്തിലുണ്ടായിരുന്ന സമയത്ത് ക്യാപ്റ്റൻ സ്മിത് മച്ച്ഛാറിനെ സഹപൈലറ്റ് കോക്പിറ്റിനുള്ളിൽ ആക്രമിക്കുകയായിരുന്നു. ക്യാപ്റ്റനെ ആക്രമിക്കാൻ കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന എമർജെൻസി ആക്‌സ്  ഉപയോഗിച്ചതായും സംഭവത്തെക്കുറിച്ച്  യുഎഇ അധികൃതർ ഭീകരാക്രമണശ്രമമായി അന്വേഷിക്കുന്നതായും റപ്പോർട്ടുകളുണ്ട്.

 ആക്രമണത്തിനിടെ വിമാനം 16,000 അടി വരെ അതവേഗം താഴേക്ക് പതിച്ചു. ഗുരുതരമായി പരക്കേറ്റിട്ടും ക്യാപ്റ്റൻ മച്ച്ഛാർ കോക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും അകത്ത് കടന്ന് സഹപൈലറ്റിനെ കീഴടക്കി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. 

ഇന്ത്യൻ പൈലറ്റിന്റെ ധൈര്യമാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്യാപ്റ്റൻ സ്മിത് മച്ച്ഛാറുമായി സംസാരിക്കുകയും അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും മാത്രമല്ല, 'മുഴുവൻ ലോകത്തിന്റെയും ഹീറോ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 

അടുത്ത മേയിൽ നടക്കുന്ന ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം മച്ച്ഛാറിനെയും പ്രത്യേക ചടങ്ങിൽ ജ്വാല തെളിയിക്കാൻ ക്ഷണിക്കുമെന്നും നെതന്യാഹു അറിയിച്ചു. 

സാധാരണയായി ഇസ്രയേൽ പൗരന്മാർക്കാണ് ഈ ചടങ്ങിലെ ഈ ബഹുമതി നൽകുന്നതെന്നും മച്ച്ഛാറിന്റെ ധൈര്യം കണക്കിലെടുത്താണ് പ്രത്യേക ക്ഷണമെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്. അതേസമയം, ഫ്‌ളൈദുബായ് സഹപൈലറ്റിന്റെ മുൻകാല ജീവിതവും വിമാനയാന രംഗത്തെ പശ്ചാത്തലവും സംബന്ധിച്ചും വിവിധ രാജ്യങ്ങൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒമാനിൽ നേരത്തെ ഇയാളെ പറക്കുന്നതിൽ നിന്ന് വിലക്കിയിരുന്നതായും തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് വിമാനസേവനത്തിൽ നിന്ന് മാറ്റിയിരുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങളുടെയും ഇയാളുടെ ആക്രമണത്തിനുപിന്നിലെ കൃത്യമായ ഉദ്ദേശ്യത്തിന്റെയും കാര്യത്തിൽ വിവിധ അന്വേഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. യുഎഇയാണ് സംഭവത്തിന്റെ പ്രധാന അന്വേഷണം നടത്തുന്നത്; ഓസ്‌ട്രേലിയയിലെ പുതിയ അന്വേഷണം ഇയാളുടെ മുൻകാല ഓസ്‌ട്രേലിയൻ ബന്ധങ്ങൾക്ക് കൂടുതൽ സുരക്ഷാ പരശോധനയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.