ഇന്തോനേഷ്യയിലും തായ്‌ലന്‍ഡിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 300 കടന്നു

ഇന്തോനേഷ്യയിലും തായ്‌ലന്‍ഡിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 300 കടന്നു


ജക്കാര്‍ത്ത/ ബാങ്കോക്ക്: ഇന്തോനേഷ്യയിലും തായ്‌ലന്‍ഡിലും വെള്ളപ്പൊക്കത്തേയും മണ്ണിടിച്ചിലിേയും തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 174 ആയി ഉയര്‍ന്നു. 79 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. അതേസമയം, തെക്കന്‍ തായ്‌ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 145 പേര്‍ മരിച്ചതായി വെള്ളിയാഴ്ച അധികാരികള്‍ അറിയിച്ചു. വെള്ളം പിന്മാറിയതോടെ വ്യാപകമായ നാശനഷ്ടങ്ങള്‍ പുറത്തുവരുന്നുണ്ട്. 

ഇന്തോനേഷ്യയില്‍ ഉത്തര സുമാത്ര പ്രവിശ്യയില്‍ മരണസംഖ്യ 116 ആയി ഉയര്‍ന്നപ്പോള്‍ ആചെയില്‍ 35 മരണം സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ സുമാത്രയില്‍ നിന്ന് 23 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി ദേശീയ ദുരന്തനിവാരണ ഏജന്‍സി മേധാവി സുഹര്യന്തോ അറിയിച്ചു.

ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രാജ്യത്തെ ശക്തമായി ബാധിച്ചേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉത്തര സുമാത്രയില്‍ 3,200-ലധികം വീടുകളും കെട്ടിടങ്ങളും മുങ്ങി. 3,000-ത്തിലധികം കുടുംബങ്ങളെ സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മണ്ണിടിച്ചില്‍, വൈദ്യുതി മുടക്കം, ടെലികമ്മ്യൂണിക്കേഷന്‍ തടസ്സം എന്നിവ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഉത്തര സുമാത്ര പ്രാദേശിക പൊലീസിന്റെ വക്താവ് ഫെറി വുലാന്‍തുകന്‍ പറഞ്ഞു.

പടിഞ്ഞാറന്‍ സുമാത്രയില്‍ 17,000-ത്തിലധികം വീടുകള്‍ വെള്ളത്തിനടിയിലായപ്പോള്‍, 23,000-ത്തിലധികം ആളുകള്‍ താത്ക്കാലിക ക്യാമ്പുകളില്‍ അഭയം തേടി. നെല്‍വയലുകള്‍, മൃഗശാലകള്‍, പൊതുസൗകര്യങ്ങള്‍ എന്നിവ തകര്‍ന്നു. റോഡുകളും പാലങ്ങളും പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തകര്‍ത്തു. മധ്യ ആചെ ജില്ലയിലെ മൂന്ന് ഗ്രാമങ്ങളില്‍ കുറഞ്ഞത് ആറുപേര്‍ മരിക്കുകയും 11 പേര്‍ കാണാതാകുകയും ചെയ്തു.

മലാക്ക കടലിടുക്കില്‍ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റായ സെന്‍യാറാണ് കനത്ത കാലാവസ്ഥയ്ക്കാണ് കാരണമെന്നും ഏജന്‍സിയിലെ അച്ചാദി സുബാര്‍ക്ക രഹാര്‍ജോ അറിയിച്ചു. 

ഏകദേശം 17,000 ദ്വീപുകളുള്ള ഇന്തോനേഷ്യയില്‍ മലനിരകളിലോ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള സമതലങ്ങളിലോ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സീസണല്‍ മഴ വെള്ളപ്പൊക്കും മണ്ണിടിച്ചിലും സൃഷ്ടിക്കുന്നത് പതിവാണ്.

തായ്‌ലന്‍ഡില്‍ വെള്ളം പിന്മാറുന്നതിനൊപ്പം രക്ഷാപ്രവര്‍ത്തകര്‍ മുമ്പ് എത്തിച്ചേരാനാകാതെ പോയ പ്രദേശങ്ങളിലേക്കും നീങ്ങിത്തുടങ്ങി. തുടര്‍ച്ചയായ കനത്തമഴ 12 തെക്കന്‍ പ്രവിശ്യകളിലായി 12 ലക്ഷത്തിലധികം കുടുംബങ്ങളെയും 36 ലക്ഷം ആളുകളെയും ബാധിച്ചിട്ടുണ്ട്. 

മരണസംഖ്യയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എട്ട് പ്രവിശ്യകളിലായി 145-ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ വക്താവ് സിരിപോംഗ് അങ്കസാക്കുല്‍കിയാത്ത് പറഞ്ഞു. സോങ്ഖ്‌ലാ പ്രവിശ്യയില്‍ മാത്രം 110 പേര്‍ മരിച്ചിട്ടുണ്ട്. 

ഹാട്യായ് നഗരത്തിലെ മുങ്ങിക്കിടന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.