പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ ആക്രമണത്തില്‍ അഞ്ച് യു എസ് റീഫ്യൂവലിംഗ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ ആക്രമണത്തില്‍ അഞ്ച് യു എസ് റീഫ്യൂവലിംഗ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍


റിയാദ്: പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ അഞ്ച് റീഫ്യൂവലിംഗ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി രണ്ട് യു എസ്  ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനങ്ങളെല്ലാം നിലത്തായിരുന്നു. 

അടുത്തിടെ സൗദിയിലെ ഈ സൈനിക താവളത്തെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനിടെയാണ് വിമാനങ്ങള്‍ ബാധിച്ചതെന്ന് അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിമാനങ്ങള്‍ പൂര്‍ണ്ണമായും നശിച്ചിട്ടില്ലെന്നും ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല.

ഇതോടെ കേടുപാടുകള്‍ സംഭവിച്ചതോ നശിച്ചതോ ആയ യു എസ് എയര്‍ഫോഴ്സിന്റെ ഇന്ധനവിമാനങ്ങളുടെ എണ്ണം ഏഴായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച രണ്ട് കെ സി-135 ഇന്ധനവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തിനുശേഷമാണ് പുതിയ വിവരം പുറത്തുവന്നത്. കൂട്ടിയിടിയുടെ ഫലമായി ഒരു വിമാനം നിലത്തേക്ക് പതിക്കുകയും ആറ് ക്രൂ അംഗങ്ങള്‍ മരണപ്പെടുകയും ചെയ്തതായി പെന്റഗണ്‍ അറിയിച്ചു.


ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് പ്രതികാരമായി പ്രദേശത്തെ വിവിധ സൈനിക താവളങ്ങളില്‍ വിന്യസിച്ചിരിക്കുന്ന യു എസ് സൈനികരെയും സൈനിക ഉപകരണങ്ങളെയും ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ച്ച് 1ന് സൗദിയിലെ അതേ താവളത്തില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു യു എസ് സൈനികന്‍ പിന്നീട് മരിച്ചതായും വിവരം ലഭിച്ചു.