കറാച്ചി: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കരാക് ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗുര്‍ഗുരി പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് വാന്‍ ഗ്യാസ് ഉല്‍പാദന കമ്പനിയ്ക്ക് (എംഒഎല്‍) സുരക്ഷാ ചുമതലയോടെ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചുവെന്നും സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ജില്ലാ പൊലീസ് വക്താവ് ഷൗക്കത്ത് ഖാന്‍ ആക്രമണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവര്‍ എല്ലാവരും കോണ്‍സ്റ്റബിളുകളാണെന്ന് അദ്ദേഹം അറിയിച്ചു. ഷഹീദ് ഇഖ്ബാല്‍, സമിയുള്ള, ആരിഫ്, സഫ്ദര്‍, വാഹനത്തിന്റെ ഡ്രൈവറായ മുഹമ്മദ് അബ്രാര്‍ എന്നിവരാണ് വീരമൃത്യു വരിച്ചവര്‍. ആക്രമണത്തിന് പിന്നാലെ ജില്ലാ പൊലീസ് ഓഫീസര്‍ അടക്കം വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ കൃത്യമായ പശ്ചാത്തലം ഇതുവരെ വ്യക്തമായിട്ടില്ല.
പാകിസ്താനില്‍ പൊലീസ് വാനിനു നേരെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു
