സ്വിറ്റ്‌സർലൻഡ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്‌സർലൻഡിൽ പൂർത്തിയായി. ഖത്തറും പാകിസ്താനും മധ്യസ്ഥരായുള്ള ചതുർ കക്ഷി ചർച്ചയാണ് ഞായറാഴ്ച നടന്നത്. ഏകദേശം 80 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ആഭ്യന്തര കൂടിയാലോചനകൾക്കായി ഇടവേള എടുക്കുകയായിരുന്നുവെന്ന് ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
സ്വിറ്റ്‌സർലൻഡിലെ ബുർഗൻസ്റ്റോക്ക് റിസോർട്ടിലാണ് ചർച്ചകൾ നടക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘവും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും നയിക്കുന്ന സംഘവുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. പാകിസ്താനും ഖത്തറും മധ്യസ്ഥരുടെ ചുമതലയിലാണ്.
അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ബുധനാഴ്ച ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സാങ്കേതികതല ചർച്ചകളാണ് നടക്കുന്നത്. മധ്യപൂർവദേശത്തെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതും ഹോർമുസ് കടലിടുക്ക് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഇതിനിടെ, ആദ്യ 80 മിനിറ്റ് ചർച്ചയിൽ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ലെബനനിലെ സാഹചര്യം, ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കൽ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചർച്ചയുടെ ആദ്യഘട്ട ഫലത്തെക്കുറിച്ച് അമേരിക്കയോ ഇറാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇരു വിഭാഗങ്ങളും ആഭ്യന്തര കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം തുടർചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. മധ്യപൂർവദേശത്തെ സമാധാനശ്രമങ്ങളിൽ നിർണായകമായ നീക്കമായാണ് ഈ ചർച്ചകളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
അമേരിക്ക-ഇറാൻ ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയായി; 80 മിനിറ്റ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടവേള
