കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിൽ തീപിടിത്തം

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിൽ തീപിടിത്തം


കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്ധന ടാങ്കിൽ തീപിടിത്തമുണ്ടായി. ഇറാൻ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവം നടന്നത്. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രാഥമിക വിവരങ്ങൾ പ്രകാരം, ആക്രമണത്തിൽ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്; ആളപായമില്ല.

തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ അഗ്‌നിശമന സേന ശ്രമം തുടരുകയാണെന്ന് ഏജൻസി വക്താവ് അബ്ദുള്ള അൽറാജി അറിയിച്ചു. അതേസമയം,  കുവൈത്ത്, ജോർദാൻ, ബഹ്രൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ഇസ്രായേലിലെയും കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ സൈന്യം മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി അറിയിച്ചു.

ആറു ഡ്രോണുകൾ തടഞ്ഞതായും സൈന്യം ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് എയർ ഡിഫൻസ് സംവിധാനം വഴി തിരിച്ചടിയുമായി മുന്നോട്ട് പോകുന്നതായും കുവൈത്ത് നാഷണൽ ഗാർഡ് വ്യക്തമാക്കി.

ഇതിനിടെ, ഇസ്രായേൽ സൈന്യം ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിൽ ആക്രമണം നടത്തിയതായി അറിയിച്ചു. അതേസമയം ലെബനനിലെ ബെയ്രൂട്ടിന്റെ തെക്കൻ മേഖലകളിൽ, ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ  ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പും നൽകി.

സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾ ആരംഭിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇറാനോട് ആവശ്യപ്പെട്ടു. പ്രദേശത്തെ ആക്രമണങ്ങൾ അവസാനിപ്പിക്കച്ച് ഹോർമൂസ് കടലിടുക്കുവഴി കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.