ലോസ് ആഞ്ചലസ്: കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് 2026ന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, മുന്‍ പതിപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഉദ്ഘാടനച്ചടങ്ങിനാണ് ഇത്തവണ ഫിഫ തയ്യാറെടുക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനാഘോഷങ്ങള് ചരിത്രത്തിലെ ഏറ്റവും വിപുലമായതും പുതുമയാര്ന്നതുമാകുമെന്നാണ് വിലയിരുത്തല്‍.
മൂന്ന് വ്യത്യസ്ത ഉദ്ഘാടനച്ചടങ്ങുകള്‍
മുന്‍ ലോകകപ്പുകളില്‍ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഒരു സ്റ്റേഡിയത്തില്‍ മാത്രമായിരുന്നു ചടങ്ങ് നടന്നിരുന്നത്. എന്നാല്‍ ലോകകപ്പ് 2026ല്‍ ഓരോ ആതിഥേയ രാജ്യത്തിന്റെയും ഉദ്ഘാടന മത്സരത്തിന് 90 മിനിറ്റ് മുമ്പായി മൂന്ന് പരസ്പരബന്ധിത ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. മെക്സിക്കോ സിറ്റിയില്‍ ജെ ബാല്‍വിന്‍, ടൊറന്റോയില്‍ ഇന്ത്യന്‍ താരം നോറ ഫത്തേഹി, ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ പോപ് ഗായിക കാറ്റി പെറി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
18 ഗാനങ്ങളടങ്ങിയ ആഗോള സംഗീത ആല്‍ബം
ആദ്യമായാണ് ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി ഔദ്യോഗികമായി 18 ഗാനങ്ങളടങ്ങിയ പ്രത്യേക ആഗോള സംഗീത ആല്‍ബം ഒരുക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ ചടങ്ങുകളെ ഏകോപിപ്പിക്കുന്നതിനായി ഫിഫ സൗണ്ടിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആല്‍ബത്തില്‍ വിവിധ ഭൂഖണ്ഡങ്ങളിലെ സംഗീത ശാഖകളുടെയും ഭാഷകളുടെയും അപൂര്‍വ സംഗമമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരേസമയം നടക്കുന്ന ബഹുനഗര സംഗീതപരിപാടികള്‍
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ തലേന്ന് ജൂണ്‍ 10ന് ടൊറന്റോ, മെക്സിക്കോ സിറ്റി, ലോസ് ആഞ്ചലസ് എന്നീ നഗരങ്ങളില്‍ ഒരേസമയം തത്സമയ സംഗീതപരിപാടികള്‍ സംഘടിപ്പിക്കാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്. ഗ്രാമി അവാര്‍ഡ് സംഘാടകരുമായി സഹകരിച്ചാണ് ഈ കൗണ്ട്ഡൗണ്‍ കച്ചേരികള്‍ സംഘടിപ്പിക്കുന്നത്. മേജര്‍ ലേസര്‍, ഡവിഡോ, ബ്രയാന്‍ ആഡംസ് തുടങ്ങിയ പ്രമുഖര്‍ വിവിധ നഗരങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.
ലോകകപ്പ് ഫൈനലില്‍ ആദ്യ ഹാഫ്ടൈം ഷോ
അമേരിക്കന്‍ ഫുട്ബോള്‍ ലീഗായ എന്‍എഫ്എല്ലിന്റെ മാതൃകയില്‍, ലോകകപ്പ് ഫൈനലില്‍ ആദ്യമായി ഔദ്യോഗിക ഹാഫ്ടൈം സംഗീത പരിപാടി അവതരിപ്പിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കോള്‍ഡ്പ്ലേ ബാന്‍ഡിലെ ക്രിസ് മാര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ മഡോണ, ഷക്കീര, ബിടിഎസ് എന്നിവരുടെ സംയുക്ത പ്രകടനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പിച്ച് സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം മുന്‍ ലോകകപ്പുകളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ഒഴിവാക്കിയിരുന്നു.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു മാത്രമല്ല, സ്റ്റേഡിയത്തിലെ ആരാധകര്‍ക്കും പ്രാധാന്യം
മുന്‍ ലോകകപ്പുകളിലെ ഉദ്ഘാടന പരിപാടികള്‍ പ്രധാനമായും ടെലിവിഷന്‍ സംപ്രേഷണത്തെ മുന്‍നിര്‍ത്തിയായിരുന്നു ക്രമീകരിച്ചിരുന്നത്. ഇതുമൂലം സ്റ്റേഡിയത്തിലെ പല ഭാഗങ്ങളിലിരുന്ന ആരാധകര്‍ക്ക് കലാകാരന്മാരെ വ്യക്തമായി കാണാനാകാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇരിക്കുന്ന ആരാധകര്‍ക്കും ഒരുപോലെ ചടങ്ങുകള്‍ ആസ്വദിക്കാനാകുന്ന രീതിയിലാണ് വേദി ക്രമീകരിച്ചിരിക്കുന്നത്. വന്‍ ദേശീയ പതാകകളും പുതിയ സ്റ്റേജ് രൂപകല്‍പ്പനയും ഇതിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
48 ടീമുകള്‍ പങ്കെടുക്കുന്ന ഫിഫ ലോകകപ്പ് 2026, കളിക്കളത്തിലെ മത്സരങ്ങള്‍ക്കൊപ്പം ഉദ്ഘാടനച്ചടങ്ങുകളിലെ പുതുമകള്‍ കൊണ്ടും ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍.
