തെക്കന്‍ ഫിലിപ്പീന്‍സില്‍ 350ലധികം പേരുമായി സഞ്ചരിച്ച ഫെറി മുങ്ങി; 15 പേര്‍ മരിച്ചു, നിരവധി പേര്‍ കാണാതായി

തെക്കന്‍ ഫിലിപ്പീന്‍സില്‍ 350ലധികം പേരുമായി സഞ്ചരിച്ച ഫെറി മുങ്ങി; 15 പേര്‍ മരിച്ചു, നിരവധി പേര്‍ കാണാതായി


മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ 350ലധികം യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങിയതിനെ തുടര്‍ന്ന് കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ കാണാതാവുകയും ചെയ്തതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 300ലധികം പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.

എംവി ട്രിഷ കര്‍സ്റ്റിന്‍ 3 എന്ന ഫെറി മിന്‍ഡാനാവോയുടെ തെക്കുപടിഞ്ഞാറന്‍ അറ്റത്തുള്ള സാംബോആംഗ സിറ്റി തുറമുഖം വിട്ട് നാല് മണിക്കൂറിലധികം കഴിഞ്ഞ് പുലര്‍ച്ചെ 1.50ഓടെയാണ് അടിയന്തര സന്ദേശം അയച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന് സഹായമായി കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം വഴിയിലുണ്ടെന്നും നാവികസേനയും വ്യോമസേനയും അവരുടെ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ റോമല്‍ ദുവ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

ബസിലാന്‍ പ്രവിശ്യയിലെ ബാലുക്ക്- ബാലുക്ക് ദ്വീപിന്റെ കിഴക്ക് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. രക്ഷപ്പെട്ടവരുടെ എണ്ണം കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബസിലാന്‍ അടിയന്തര രക്ഷാപ്രവര്‍ത്തക റൊണലിന്‍ പെരസ് പറഞ്ഞു. രക്ഷിച്ചെത്തുന്നവരുടെ എണ്ണം കൂടുതലായതാണ് പ്രധാന വെല്ലുവിളിയെന്നും ജീവനക്കാരുടെ കുറവുണ്ടെന്നും അവര്‍ പറഞ്ഞു. കുറഞ്ഞത് 18 പേരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും പെരസ് കൂട്ടിച്ചേര്‍ത്തു.

ഫെറി മുങ്ങിയതിന്റെ കാരണം വ്യക്തമല്ലെന്ന് ദുവ പറഞ്ഞു. ഫെറിയില്‍ അമിതഭാരം ഉണ്ടായിരുന്നില്ലെന്നും കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലാണ് മുഴുവന്‍ ശ്രദ്ധയെന്നു പറഞ്ഞ ദുവ രക്ഷപ്പെട്ടവരെ സാംബോആംഗയിലെയും ഇസബേല സിറ്റിയിലെയും കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനുകളിലേക്ക് എത്തിച്ചതായും അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ ഇരുട്ടില്‍ സഹായം തേടി വിളിച്ചുകൂവുന്ന രക്ഷപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാം.

ഏകദേശം 11.6 കോടി ജനസംഖ്യയുള്ള ദ്വീപുസമൂഹരാജ്യമായ ഫിലിപ്പീന്‍സില്‍, ദ്വീപുകള്‍ക്കിടയിലെ ഗതാഗതത്തിനായി ഫെറികള്‍ പ്രധാന ആശ്രയമാണ്. എന്നാല്‍ അപര്യാപ്തമായ നിയന്ത്രണങ്ങളും പതിവായി ഉണ്ടാകുന്ന അപകടങ്ങളും ഈ മേഖലയെ അലട്ടുന്നുണ്ട്. 2023ല്‍ തന്നെ തെക്കന്‍ ഫിലിപ്പീന്‍സില്‍ ഒരു ഫെറിയിലുണ്ടായ തീപിടിത്തത്തില്‍ 30ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.