നാടുകടത്തല്‍ ഭയം: അമേരിക്കയിലെ ഹോണ്ടുറാസുകാര്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്നു

നാടുകടത്തല്‍ ഭയം: അമേരിക്കയിലെ ഹോണ്ടുറാസുകാര്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്നു


ടെഗൂസിഗാല്‍പ ( ഹോണ്ടുറാസ്): അമേരിക്കയില്‍ നിന്നുള്ള നാടുകടത്തല്‍ ഭയം ശക്തമായതോടെ അവിടെയുണ്ടായിരിക്കുന്ന അനധികൃത ഹോണ്ടുറാസ് കുടിയേറ്റക്കാര്‍ ഇതുവരെ കാണാത്ത തോതില്‍ പണം നാട്ടിലേക്ക് അയക്കുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങളും ഐസ് (ICE) റെയ്ഡുകളും അനധികൃത കുടിയേറ്റക്കാരില്‍ അനിശ്ചിതത്വവും പേടിയും വര്‍ധിപ്പിച്ചതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന ഹോണ്ടുറാസ് സ്വദേശിയായ എലിയാസ് പാഡിയില്ലയുടെ സ്വപ്‌നങ്ങള്‍ ഇപ്പോള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണ്. തലസ്ഥാനമായ ടെഗൂസിഗാല്‍പയിലെ തിരക്കേറിയ തെരുവുകളില്‍ ഉബര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന എലിയാസ്,  ദിവസം മുഴുവന്‍ ജോലി ചെയ്താലും ചില ദിവസങ്ങളില്‍ 12 ഡോളര്‍ പോലും സമ്പാദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

'ഇവിടെ കിട്ടുന്ന വരുമാനം വളരെ കുറവാണ്. അമേരിക്കയില്‍ പോയാല്‍ ഒരു മണിക്കൂറില്‍ സമ്പാദിക്കുന്ന തുക ഇവിടെ ഒരു ദിവസമെടുത്താണ് കിട്ടുക,' എലിയാസ് പറയുന്നു. എന്നാല്‍ അമേരിക്കന്‍ നഗരങ്ങളില്‍ ഐസ് ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടതോടെ യാത്ര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഹോണ്ടുറാസ് കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യം കുടുംബങ്ങള്‍ക്ക് പണം അയക്കുന്നതാണെന്ന് എലിയാസ് പറയുന്നു. എന്നാല്‍ ട്രംപിന്റെ നടപടികള്‍ അദ്ദേഹത്തെ വീണ്ടും ആലോചിപ്പിച്ചു. 'ഇവിടെ പുതിയ സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, അമേരിക്കയിലുള്ള ഹോണ്ടുറാസ് കുടിയേറ്റക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഹോണ്ടുറാസിലേക്കുള്ള റിമിറ്റന്‍സുകളില്‍ 26 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 മുഴുവന്‍ വര്‍ഷം 9.7 ബില്യണ്‍ ഡോളര്‍ ആയിരുന്ന തുക, ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 10.1 ബില്യണ്‍ ഡോളര്‍ കടന്നതായി കണക്കുകള്‍ പറയുന്നു.

അമേരിക്കയിലെ ഒരു പ്രധാന നഗരത്തില്‍ നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന മാര്‍ക്കോസ് (യഥാര്‍ത്ഥ പേര് അല്ല) പറയുന്നു: 'വാടകയും ഭക്ഷണവും കഴിഞ്ഞാല്‍ ബാക്കിയുള്ള എല്ലാ പണവും ഞാന്‍ നാട്ടിലേക്ക് അയക്കുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബത്തിന് കൈയില്‍ കുറച്ച് പണമെങ്കിലും ഉണ്ടാകണം.'

മുമ്പ് മാസത്തില്‍ 500 ഡോളര്‍ അയച്ചിരുന്ന മാര്‍ക്കോസ് ഇപ്പോള്‍ ആഴ്ചയില്‍ ഏകദേശം 300 ഡോളര്‍ വരെ അയക്കുന്നു. 'ഇത് സമയത്തോടുള്ള ഒരു മത്സരമാണ്. ഐസ് പിടികൂടുന്നതിന് മുമ്പ് കഴിയുന്നത്ര പണം നാട്ടിലേക്ക് അയക്കണം,' അദ്ദേഹം പറയുന്നു.

കുടിയേറ്റ നയങ്ങള്‍ അനധികൃത മനുഷ്യക്കടത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍ മനുഷ്യക്കടത്തുകാരനായ ജിമ്മി പറയുന്നത്, അമേരിക്കയിലേക്കുള്ള യാത്രയുടെ ചെലവ് ഇരട്ടിയിലധികമായി വര്‍ധിച്ചുവെന്നാണ്. 'മുമ്പ് 12,000-13,000 ഡോളര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 25,000-30,000 ഡോളര്‍ വരെ വേണം,' അദ്ദേഹം പറയുന്നു. ഇത്രയും വലിയ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ പലരും യാത്ര ഉപേക്ഷിക്കുകയാണ്.

ഉബര്‍ ഡ്രൈവറായ എലിയാസും അതിലൊരാളാണ്. ആവശ്യമായ പണം സമ്പാദിച്ചിട്ടുണ്ടെങ്കിലും, അമേരിക്കയില്‍ എത്തിയുടന്‍ നാടുകടത്തപ്പെടാനുള്ള ഭയം അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നു.

'ട്രംപ് എന്റെ പദ്ധതികള്‍ മാറ്റിവച്ചതേയുള്ളൂ. റദ്ദാക്കിയിട്ടില്ല,' എലിയാസ് ഉറച്ച സ്വരത്തില്‍ പറയുന്നു. 'ഹോണ്ടുറാസിലെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടാതെ ആളുകള്‍ പോകുന്നത് ആരും നിര്‍ത്താനാകില്ല.'