അറ്റകുറ്റപ്പണിക്കായി അമേരിക്കയിലേക്ക് അയച്ച എഫ്-35 ഭാഗങ്ങള്‍ ഹോങ്കോങ്ങിലേക്ക് വഴിതിരിച്ചുവിട്ടു

അറ്റകുറ്റപ്പണിക്കായി അമേരിക്കയിലേക്ക് അയച്ച എഫ്-35 ഭാഗങ്ങള്‍ ഹോങ്കോങ്ങിലേക്ക് വഴിതിരിച്ചുവിട്ടു


വാഷിംഗ്ടണ്‍: അതീവ രഹസ്യ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഫ്-35 യുദ്ധവിമാനത്തിന്റെ നിര്‍ണായക ഘടകങ്ങള്‍ അറ്റകുറ്റപ്പണിക്കായി ഓസ്ട്രേലിയയില്‍ നിന്ന് അമേരിക്കയിലേക്ക് അയയ്ക്കുന്നതിനിടെ ഹോങ്കോങ്ങിലേക്ക് വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ചൈനയ്ക്ക് എഫ്-35 വിമാനത്തിന്റെ സാങ്കേതികവിദ്യകളിലേക്ക് പ്രവേശനം ലഭിച്ചിരിക്കാമെന്ന ആശങ്കയാണ് അമേരിക്കയില്‍ ഉയര്‍ന്നിരിക്കുന്നത്.

എഫ്-35 നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ വഴിയാണ് വിമാനത്തിന്റെ ഘടകങ്ങള്‍ അയച്ചിരുന്നത്. പസഫിക് സമുദ്രത്തിന് മുകളിലൂടെ ചരക്ക് നീങ്ങുന്നതിനിടെയാണ് കയറ്റുമതി വഴിതിരിച്ചുവിട്ടതെന്നാണ് സംഭവത്തെക്കുറിച്ച് അറിവുള്ള മൂന്ന് പേരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. എഫ്-35 വിമാനത്തിന്റെ ചില ഘടകങ്ങള്‍ കാണാതായതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പിന്നീട് ഭാഗങ്ങള്‍ ഹോങ്കോങ്ങില്‍ കണ്ടെത്തിയെങ്കിലും ഇവ എന്തുകൊണ്ടാണ് വഴിതിരിച്ചുവിട്ടതെന്നോ നിലവില്‍ ആരുടെ കൈവശമാണ് ഉപകരണങ്ങളെന്നോ വ്യക്തമല്ലെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ യു എസ് കോണ്‍ഗ്രസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന സമിതികളിലെ കോണ്‍ഗ്രസ് ജീവനക്കാര്‍ക്ക് വിഷയത്തില്‍ വിശദീകരണങ്ങളും നല്‍കിവരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെയും പെന്റഗണിലെയും ഉദ്യോഗസ്ഥര്‍ ജൂണില്‍ ആദ്യ വിശദീകരണം നല്‍കിയിരുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കാണാതായ ഘടകങ്ങളില്‍ ഒന്നായി എഫ്-35 വിമാനത്തിന്റെ കാനോപ്പി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കയറ്റുമതിയെക്കുറിച്ച് അറിവുള്ള രണ്ട് പേരെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോക്ക്പിറ്റിനെ സംരക്ഷിക്കുന്ന സുതാര്യമായ മേല്‍ക്കൂര മാത്രമല്ല എഫ്-35 കാനോപ്പി. വിമാനത്തിന്റെ റഡാര്‍ സിഗ്‌നേച്ചര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ കാനോപ്പി മറ്റൊരു രാജ്യത്തിന്റെ കൈവശമെത്തിയാല്‍ അതിന്റെ നിര്‍മാണരീതിയും ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളും പഠിക്കാന്‍ സാധിക്കും. ചാരപ്രവര്‍ത്തനത്തിലൂടെ നേരത്തെ ലഭിച്ച വിവരങ്ങള്‍ പരിശോധിക്കാനും കൂടുതല്‍ കൃത്യമാക്കാനും ഇത്തരം വിവരങ്ങള്‍ സഹായിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

എഫ്-35 സംബന്ധിച്ച വിവരങ്ങള്‍ സ്വന്തമാക്കാന്‍ ചൈന ദീര്‍ഘകാലമായി ശ്രമിച്ചുവരികയാണെന്ന് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിലെ സൈനിക വ്യോമയാന വിദഗ്ധനും മുന്‍ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി ഉദ്യോഗസ്ഥനുമായ ജെ ജെ ഗെര്‍ട്ലര്‍ പറഞ്ഞു.

ഇലക്ട്രോണിക് ചാരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ എഫ്-35 സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നത് രഹസ്യമല്ലെന്നും യഥാര്‍ഥ വിമാനഘടകം ലഭിക്കുന്നത് മറ്റ് മാര്‍ഗങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ പരിശോധിക്കാനും കൂടുതല്‍ കൃത്യമാക്കാനും ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സഹായകരമാകാമെന്നും അദ്ദേഹം പറഞ്ഞു.

എഫ്-35 ജോയിന്റ് പ്രോഗ്രാം ഓഫീസ് സേവനയോഗ്യമല്ലാത്ത എഫ്-35 ലൈറ്റ്‌നിഗ് സെക്കന്റ് ഘടകങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്ന് അറിയിച്ചു.

ഘടകങ്ങള്‍ വീണ്ടെടുക്കാനും സംഭവത്തിന്റെ കാരണം അന്വേഷിക്കാനും സമാനമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും അമേരിക്കന്‍ അധികൃതരുമായും വ്യവസായ പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഓഫീസ് വ്യക്തമാക്കി.

എഫ്-35 പദ്ധതിയുടെ വിപുലമായ വിതരണ ശൃംഖല കൈകാര്യം ചെയ്യുന്ന ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സുരക്ഷാ കാരണങ്ങളാല്‍ വ്യക്തിഗത കയറ്റുമതികളെക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് അറിയിച്ചു. വിമാനഘടകങ്ങളുടെ ഗതാഗതവുമായി ബന്ധപ്പെട്ട യു എസ് നിയമങ്ങള്‍ പാലിക്കുന്നതായും എഫ്-35 പദ്ധതിയുടെയും സഖ്യരാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളോടെയാണ് കയറ്റുമതി നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ചൈനീസ് എംബസിയും അറിയിച്ചു.

എഫ്-35 പദ്ധതിയുടെ സങ്കീര്‍ണമായ ആഗോള ലോജിസ്റ്റിക് സംവിധാനത്തിലേക്കും സംഭവം ശ്രദ്ധ തിരിച്ചു.

അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടന്‍, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, നോര്‍വേ, പോളണ്ട് തുടങ്ങിയ സഖ്യരാജ്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിമാനത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സ് സൂക്ഷിക്കുന്ന പങ്കിട്ട ശേഖരണ സംവിധാനമാണ് പദ്ധതിയിലുള്ളത്. വിമാനങ്ങളില്‍ ഘടിപ്പിക്കുന്നതുവരെ ഈ ഭാഗങ്ങളുടെ ഉടമസ്ഥാവകാശം പെന്റഗണിനാണ്. എന്നാല്‍ ഇന്‍വെന്ററി സംബന്ധിച്ച വിവരങ്ങള്‍ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് കൈകാര്യം ചെയ്യുന്നത്.

ഓസ്ട്രേലിയയില്‍ എഫ്-35 അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിമാനത്തിന്റെ കാനോപ്പികള്‍ അറ്റകുറ്റപ്പണി ചെയ്യാനുള്ള സൗകര്യം നിലവില്‍ അവിടെയുള്ള കേന്ദ്രങ്ങളില്‍ ഇല്ല.

2023ലെ യു എസ് ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് (ജി എ ഒ) റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തിനിടെ 10 ലക്ഷത്തിലധികം എഫ്-35 സ്‌പെയര്‍ പാര്‍ട്‌സ് കാണാതായിട്ടുണ്ട്. കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഭാഗങ്ങളുടെ നഷ്ടം സംബന്ധിച്ച് പ്രതിരോധ വകുപ്പിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിനു പകരം ലോക്ക്ഹീഡാണ് പരിപാലിച്ചിരുന്നതെന്നും ജി എ ഒ വ്യക്തമാക്കി.

സ്‌പെയര്‍ പാര്‍ട്‌സ് മാനേജ്‌മെന്റ്, അറ്റകുറ്റപ്പണി, ചെലവ് എന്നിവയെച്ചൊല്ലി എഫ്-35 പദ്ധതി നേരത്തേ തന്നെ ചോദ്യങ്ങള്‍ നേരിടുന്നതിനിടെയാണ് പുതിയ സംഭവം.

സ്‌പെയര്‍ പാര്‍ട്‌സിന്റെ കുറവ് വിമാനങ്ങള്‍ നിലത്തിറക്കേണ്ട സാഹചര്യമുണ്ടാക്കുന്നതായി ജി എ ഒ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം വിമാനങ്ങളുടെ പരിപാലനച്ചെലവും തുടര്‍ച്ചയായി ഉയരുകയാണ്. ഈ വര്‍ഷം പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ എഫ്-35 ചില പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടില്ലെന്നും വിമാനത്തിന്റെ പ്രകടനം താഴോട്ടുള്ള പ്രവണത രേഖപ്പെടുത്തിയതായും വ്യക്തമാക്കിയിരുന്നു.

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കുമായി 1,300ലധികം എഫ്-35 വിമാനങ്ങള്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. പദ്ധതിയുടെ ആകെ ആയുഷ്‌കാല ചെലവ് ഏകദേശം 2 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് പെന്റഗണിന്റെ കണക്ക്.