ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടപോയ കേസ്; മുൻ താലിബാൻ കമാൻഡർക്ക് 42 വർഷം തടവ്

ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടപോയ കേസ്; മുൻ താലിബാൻ കമാൻഡർക്ക് 42 വർഷം തടവ്


വാഷിങ്ടൺ: ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയതിലും അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനികർക്കെതിരായ മാരക ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിലും കുറ്റക്കാരനായി കണ്ടെത്തപ്പെട്ട മുൻ താലിബാൻ കമാൻഡർ ഹാജി നജീബുള്ളയ്ക്ക് 42 വർഷം തടവുശിക്ഷ. 50 വയസ്സുകാരനായ നജീബുള്ളയ്ക്ക് യുഎസ് ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബന്ദിയാക്കലും മരണങ്ങൾക്ക് കാരണമായ ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു. 2007 മുതൽ 2009 വരെ അഫ്ഗാനിസ്ഥാനിലെ വാർദക് പ്രവിശ്യയിൽ താലിബാൻ കമാൻഡറായിരുന്ന നജീബുള്ള, അമേരിക്കൻ-നേറ്റോ സേനകൾക്കെതിരെ പതിയിരുന്ന്  ആക്രമണങ്ങൾ, ചാവേർ ആക്രമണങ്ങൾ, ഐഇഡി സ്‌ഫോടനങ്ങൾ, റോക്കറ്റ് ആക്രമണങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.

2008 ജൂൺ 26ന് വാർദക് പ്രവിശ്യയിൽ അമേരിക്കൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികരും ഒരു അഫ്ഗാൻ വിവർത്തകനും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് നജീബുള്ള ഏറ്റെടുത്തതായും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

അതേ വർഷം നവംബറിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ ഡേവിഡ് റോഡ്, അദ്ദേഹത്തിന്റെ അഫ്ഗാൻ വിവർത്തകൻ, ഡ്രൈവർ എന്നിവരെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും നജീബുള്ളയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. പാകിസ്ഥാനിലെ താലിബാൻ നിയന്ത്രിത പ്രദേശങ്ങളിൽ ഇവരെ ഏഴ് മാസത്തോളം ബന്ദികളാക്കി പാർപ്പിച്ചിരുന്നു. താലിബാൻ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മോചനദ്രവ്യ അഭ്യർഥനകളും ജീവിച്ചിരിപ്പുണ്ടെന്ന തെളിവ് വീഡിയോകളും ചിത്രീകരിക്കാൻ ബന്ദികളെ നിർബന്ധിച്ചിരുന്നുവെന്നാണ് കേസ്.

2009 ജൂണിൽ ഡേവിഡ് റോഡും മറ്റൊരു ബന്ദിയും രക്ഷപ്പെടുകയായിരുന്നു. സംഭവം അന്ന് അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ന്യൂയോർക്ക് ടൈംസ് രഹസ്യമായി സൂക്ഷിച്ചിരുന്നു.

വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ നജീബുള്ളയെ 2020ൽ യുക്രൈനിൽ നിന്ന് അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് കൈമാറുകയായിരുന്നു.  അമേരിക്കൻ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർ എവിടെയായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ശിക്ഷ പ്രഖ്യാപിച്ച ശേഷം അമേരിക്കൻ അധികൃതർ വ്യക്തമാക്കി. കൊല്ലപ്പെട്ട സൈനികർക്കും ഇരകൾക്കും നീതി ലഭിച്ച ദിനമാണിതെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ  പ്രതികരിച്ചു.