തെഹ്‌റാന്‍/ കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പുതിയ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. അതേസമയം, കുവൈത്തില്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പും സ്‌ഫോടന ശബ്ദങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു.
കുവൈത്ത് സൈന്യം അരമണിക്കൂറിനുള്ളില്‍ രണ്ടുതവണ പ്രസ്താവന പുറത്തിറക്കി, 'ശത്രുതാപരമായ വ്യോമലക്ഷ്യങ്ങളെ' വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി അറിയിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലെ ആശയവിനിമയ സംവിധാനങ്ങള്‍, ഇന്ധന സംഭരണകേന്ദ്രങ്ങള്‍, പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍, നിയന്ത്രണ ടവറുകള്‍, ആയുധശേഖരങ്ങള്‍ എന്നിവ ഡ്രോണ്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടു. അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായി ഒരു അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെയും ക്രൂയിസ് മിസൈല്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു.
വ്യോമപ്രതിരോധ സംവിധാനം ശത്രുതാപരമായ ആക്രമണങ്ങളെ തടഞ്ഞതിന്റെ ഫലമായാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് കുവൈത്ത് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖെഷം ദ്വീപിലും കിഷ് ദ്വീപിലും ചൊവ്വാഴ്ച വൈകുന്നേരം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈകിട്ട് 6.45ഓടെ ഖെഷം ദ്വീപില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമീപ ദിവസങ്ങളില്‍ ഖെഷം ദ്വീപിലെ മസാന്‍ പ്രദേശം അമേരിക്കന്‍ സേനയുടെ ആക്രമണത്തിന് പലതവണ വിധേയമായിരുന്നുവെന്നും ദ്വീപ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് പ്രകാരം കിഷ് ദ്വീപിലെ പ്രധാന ജല- വൈദ്യുതി വിതരണ കേന്ദ്രത്തിന് സമീപം അമേരിക്കന്‍ പ്രൊജക്ടൈല്‍ പതിച്ചു. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് തെക്കന്‍ ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, നാവിക അടിസ്ഥാന സൗകര്യങ്ങള്‍, തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് നടത്തിയ അഞ്ചുമണിക്കൂര്‍ നീണ്ട സൈനിക ദൗത്യത്തിനിടെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണത്തില്‍ ചില നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ജല- വൈദ്യുതി വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
