തെഹ്‌റാന്‍: ഇറാന്റെ തെക്കന്‍ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൂന്നാം ദിവസവും ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവവികാസം. അതേസമയം, പുതിയ ആക്രമണങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന് പങ്കില്ലെന്ന് യു എസ് അധികൃതര്‍ വ്യക്തമാക്കി.
മെഹര്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ബുഷെഹര്‍, ചൊഘാദക്, തുറമുഖ നഗരമായ കോനാറക് എന്നിവിടങ്ങളിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. ബുഷെഹര്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ എഹ്‌സാന്‍ ജഹാനിയാനും ബുഷെഹറിലും സമീപ പ്രദേശമായ ചൊഘാദക്കിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു.
സ്‌ഫോടനങ്ങള്‍ക്ക് കാരണം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം നടത്തിയ നടപടികളാണോ ശത്രുവിന്റെ മിസൈല്‍ ആക്രമണമാണോ അതോ ശത്രു ഡ്രോണിനെ പ്രതിരോധസേന തകര്‍ത്തതാണോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് അദ്ദേഹം സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഐ ആര്‍ എന്‍ എയോട് പറഞ്ഞു.
ഇറാനിലെ ഏക പ്രവര്‍ത്തനക്ഷമമായ ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ബുഷെഹറിന് സമീപം രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്‌ഫോടനങ്ങളുടെ കാരണം, ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മക്രാന്‍ തീരത്തുള്ള തുറമുഖ നഗരമായ കോനാറക്കിലും മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവയുടെ കാരണവും നാശനഷ്ടങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് നേരത്തെ രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതെന്ന് അമേരിക്ക സമ്മതിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ സ്‌ഫോടനങ്ങളുമായി അമേരിക്കയ്ക്ക് ബന്ധമില്ലെന്ന് യു എസ് അധികൃതര്‍ ആവര്‍ത്തിച്ചു.
ഇറാനില്‍ നിലവില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തുന്നില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സമാനമായ നിലപാടാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരും പങ്കുവെച്ചത്. അതേസമയം, നിലവില്‍ ഇറാനിലെ ആക്രമണങ്ങളില്‍ ഇസ്രായേലിന് പങ്കുള്ളതായി അറിയില്ലെന്ന് ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥനും പ്രതികരിച്ചു.
