ബ്രസല്‍സ്: റഷ്യയ്ക്കെതിരെ പുതിയ ഉപരോധ പാക്കേജ് യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. റഷ്യയുടെ ഊര്‍ജ്ജ, ബാങ്കിംഗ്, വസ്തു, സേവന മേഖലകളിലേക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതാണ് പുതിയ പദ്ധതി. അബുദാബിയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ യഥാര്‍ഥ ഉദ്ദേശത്തോടെ ചര്‍ച്ചാ മേശയിലേക്കെത്തുകയുള്ളുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉഴ്സുല വോണ്‍ ഡെര്‍ ലെയന്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യ മനസ്സിലാക്കുന്ന ഏക ഭാഷ ഇതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ ഉപരോധ പാക്കേജില്‍ റഷ്യന്‍ ക്രൂഡ് എണ്ണയ്ക്കായി സമ്പൂര്‍ണ്ണ കടല്‍മാര്‍ഗ സേവന നിരോധനവും ഉള്‍പ്പെടുന്നു. ഇതിനൊപ്പം 43 അധിക കപ്പലുകളെയും ലക്ഷ്യമിടുന്നു. ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) ടാങ്കറുകള്‍ക്കും ഐസ്ബ്രേക്കര്‍ കപ്പലുകള്‍ക്കും പരിപാലനവും മറ്റ് സേവനങ്ങളും നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി റഷ്യയുടെ വാതക കയറ്റുമതി പദ്ധതികള്‍ക്ക് കൂടുതല്‍ തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം.
ഇതിന് പുറമേ ലോഹങ്ങള്‍, രാസവസ്തുക്കള്‍, നിര്‍ണായക ഖനിജങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കെതിരെയും പുതിയ വിലക്കുകള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ 20 അധിക പ്രാദേശിക ബാങ്കുകളും ഉപരോധ വിധേയമായ വസ്തുക്കളുടെ വ്യാപാരം സുഗമമാക്കുന്നു എന്ന് കരുതുന്ന മൂന്നാം രാജ്യങ്ങളിലെ ചില ബാങ്കുകളും ഉപരോധ പട്ടികയില്‍ ഉള്‍പ്പെടും.
എണ്ണയും വാതകവും മാത്രമല്ല, ക്രിപ്റ്റോകറന്‍സി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളെയും പ്ലാറ്റ്ഫോമുകളെയും പുതിയ ഉപരോധങ്ങള്‍ ലക്ഷ്യമിടുന്നു. നിലവിലുള്ള ഉപരോധങ്ങള്‍ മറികടക്കാനും ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ സൃഷ്ടിക്കാനും ക്രെംലിന്‍ ക്രിപ്റ്റോകറന്‍സി ഉപയോഗിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ ആരോപിക്കുന്നു.
ഉപരോധങ്ങള്‍ ഫലപ്രദമാണെന്നും അതുകൊണ്ടുതന്നെ അവ തുടരുമെന്നും ഉഴ്സുല വോണ്‍ ഡെര്‍ ലെയന്‍ വ്യക്തമാക്കി. നീതിയുക്തവും ദീര്‍ഘകാലവുമായ സമാധാനത്തിന് യുക്രെയിനുമായി ഗൗരവമുള്ള ചര്‍ച്ചകളില്‍ റഷ്യ ഏര്‍പ്പെടുന്നതുവരെ ഈ ഉപരോധങ്ങള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
