ബ്രസല്‍സ്: ഇറാനില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന കടുത്ത അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്പിനെ (ഐ ആര്‍ ജി സി) യൂറോപ്യന്‍ യൂണിയന്‍ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
'അടിച്ചമര്‍ത്തലുകള്‍ക്ക് മറുപടി നല്‍കാതിരിക്കാനാവില്ല' എന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു. ഈ തീരുമാനത്തിലൂടെ ഇറാനിലെ പ്രധാന സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തിയായ ഐ ആര്‍ ജി സി, അല്‍-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും (ഐ എസ്) പോലുള്ള സംഘടനകളുടെ അവസ്ഥയിലേക്കാണ് എത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി യൂറോപ്യന്‍ യൂണിയന്റെ തീരുമാനം നാടകവും തന്ത്രപരമായ പിഴവുമാണെന്ന് പ്രതികരിച്ചു.
ഡിസംബര്‍, ജനുവരി മാസങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ സുരക്ഷാ സേനകളും ഐ ആര്‍ ജി സി ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനകള്‍ കണക്കാക്കുന്നു.
ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലാണ് ഇതെന്ന് ബ്രസല്‍സില്‍ സംസാരിച്ച ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാറോ പറഞ്ഞു.
ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കേണ്ടിവരുമെന്ന ആശങ്കയെ തുടര്‍ന്ന് ഐ ആര്‍ ജി സിയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ മുമ്പ് ഫ്രാന്‍സ് മടിച്ചുനിന്നിരുന്നു. എന്നാല്‍ ഇറ്റലി നയിച്ച സംഘത്തിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പിനെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ഫ്രാന്‍സ് ശക്തമായി പിന്തുണക്കുകയായരുന്നു.
സ്വന്തം ജനങ്ങളില്‍ ആയിരങ്ങളെ കൊന്നൊടുക്കുന്ന ഏത് ഭരണകൂടവും സ്വയം നാശത്തിലേക്കാണ് നീങ്ങുന്നതെന്ന് കാജ കല്ലാസ് സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പില്‍ പറഞ്ഞു. ഐ ആര്‍ ജി സിയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷവും ഇറാനുമായി നയതന്ത്ര ചാനലുകള്‍ തുറന്ന നിലയില്‍ തുടരുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇതോടൊപ്പം, ഇറാനിലെ ആറു സ്ഥാപനങ്ങള്‍ക്കും 15 വ്യക്തികള്‍ക്കുമെതിരെ യൂറോപ്യന്‍ യൂണിയന്‍ പുതിയ ഉപരോധങ്ങളും ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമേനി, പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് മൊവാഹെദി അസാദ്, അധ്യക്ഷനായ ജഡ്ജി ഇമാന്‍ അഫ്ഷാരി എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തലിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അന്യായ അറസ്റ്റുകളിലും ഇവര്‍ പങ്കാളികളായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭീകര പട്ടികയില്‍ ഉള്‍പ്പെടുന്ന സംഘടനകള്‍ക്ക് യാത്രാ നിരോധനം, സ്വത്തുസമ്പത്ത് മരവിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ബാധകമാകും. ഇതിലൂടെ അവരുടെ പിന്തുണ ശൃംഖലകള്‍ തകര്‍ക്കുകയാണ് ലക്ഷ്യം.
ഇറാനിലെ ഏറ്റവും ശക്തമായ സായുധ സേനയായ ഐ ആര്‍ ജി സി 1979ലെ വിപ്ലവത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ സംവിധാനം സംരക്ഷിക്കുന്നതിനാണ് രൂപീകരിക്കപ്പെട്ടത്. ഏകദേശം 1.9 ലക്ഷം സജീവ അംഗങ്ങളുള്ളതായി കണക്കാക്കപ്പെടുന്ന ഈ സേന, കര, വ്യോമ, നാവിക മേഖലകളില്‍ കഴിവുകള്‍ പുലര്‍ത്തുന്നതോടൊപ്പം ഇറാന്റെ തന്ത്രപ്രധാന ആയുധ സംവിധാനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നു.
സഖ്യരാജ്യങ്ങള്‍ക്കും ആയുധസംഘങ്ങള്‍ക്കും പണം, ആയുധങ്ങള്‍, സാങ്കേതിക സഹായം, ഉപദേശം എന്നിവ നല്‍കി വിദേശത്തും ഐ ആര്‍ ജി സി സ്വാധീനം ചെലുത്തുന്നു. കൂടാതെ, ഇറാനിനുള്ളിലെ പാരാമിലിട്ടറി ബസീജ് റെസിസ്റ്റന്‍സ് ഫോഴ്സിനെയും ഇത് നിയന്ത്രിക്കുന്നു. നൂറുകണക്കിന് അംഗങ്ങളുള്ള ഈ വിഭാഗം ഭിന്നാഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക എന്നിവ ഇതിനകം ഐ ആര്‍ ജി സിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, യു കെയില്‍ ഇതുവരെ അത് നിരോധിച്ചിട്ടില്ല.
യു കെയുടെ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരായ ഇറാന്റെ ക്രൂര അടിച്ചമര്‍ത്തല്‍ അപലപിച്ചെങ്കിലും ഒരു പ്രത്യേക സംഘടനയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സംബന്ധിച്ച് അഭിപ്രായപ്പെടാറില്ല എന്നത് സര്‍ക്കാരിന്റെ ദീര്‍ഘകാല നയമാണെന്ന് പറഞ്ഞു.
ഇതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വലിയ ശക്തിയോടെയും ഉത്സാഹത്തോടെയും ലക്ഷ്യബോധത്തോടെയും ഒരു വലിയ നാവിക സേന ഇറാനിലേക്കു വേഗത്തില്‍ നീങ്ങുകയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ ഈ പ്രഖ്യാപനം.
