15 പാകിസ്ഥാനികളെ ഇത്തിഹാദ് പിരിച്ചുവിട്ടു; 48 മണിക്കൂറിനകം യു എ ഇ വിടാനും നിര്‍ദ്ദേശം

15 പാകിസ്ഥാനികളെ ഇത്തിഹാദ് പിരിച്ചുവിട്ടു; 48 മണിക്കൂറിനകം യു എ ഇ വിടാനും നിര്‍ദ്ദേശം


അബുദാബി: ഇത്തിഹാദ് എയര്‍വെയ്‌സ് പാകിസ്ഥാന്‍ സ്വദേശികളായ 15 ജീവനക്കാരെ പിരിച്ചുവിട്ട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. സംഭവം ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹത്തില്‍ ആശങ്കയ്ക്കിടയാക്കി. 

സി എന്‍ എന്‍- ന്യൂസ് 18 റിപ്പോര്‍ട്ട് പ്രകാരം, സാധാരണ കോര്‍പ്പറേറ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിരിച്ചുവിടല്‍ നടന്നത്. മനുഷ്യവിഭവശേഷി വിഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ കൂടാതെയാണ് ജീവനക്കാരെ വിളിച്ചു വരുത്തി നടപടി സ്വീകരിച്ചതെന്നാണ് സൂചന.

15 ജീവനക്കാരെ ഇമിഗ്രേഷന്‍ ഓഫീസിലേക്ക് വിളിച്ച് 48 മണിക്കൂറിനകം യു എ ഇ വിടണമെന്ന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത് വര്‍ഷത്തോളം സേവന ചരിത്രമുള്ള മുതിര്‍ന്ന ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘത്തിനാണ് ഈ നിര്‍ദേശം ലഭിച്ചത്.

അപ്രതീക്ഷിതമായ ഈ തീരുമാനം സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്താനും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും വളരെ കുറച്ച് സമയം മാത്രമേ നല്‍കുന്നുള്ളൂ. ഗള്‍ഫ് മേഖലയിലെ തൊഴില്‍ ആശ്രയിക്കുന്ന പാകിസ്ഥാന്‍ പ്രവാസികള്‍ക്കിടയില്‍ ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഇത്തിഹാദ് ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. വ്യോമയാന മേഖലയില്‍ പുനഃസംഘടന സാധാരണമാണെങ്കിലും ഇമിഗ്രേഷന്‍ അധികാരികളുടെ ഇടപെടലും ഉടന്‍ പ്രാബല്യത്തില്‍ വന്ന പുറത്താക്കല്‍ നിര്‍ദേശവും ഈ നടപടി സാധാരണ തൊഴില്‍പരമായ തീരുമാനം മാത്രമല്ലെന്ന സംശയം ഉയര്‍ത്തുന്നു.

വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ഇത് ഒറ്റപ്പെട്ട തൊഴിലാളി പ്രശ്‌നമെന്നതിലുപരി യു എ ഇയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലിന്റെ സൂചനയായും കണക്കാക്കുന്നു. അബുദാബിയുടെ കടുത്ത സമീപനത്തിന്റെ ഉദാഹരണമായി ഈ നടപടി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദേശത്ത് ജോലി ചെയ്യുന്നവരില്‍ നിന്നുള്ള പണമിടപാടുകളെ വലിയ രീതിയില്‍ ആശ്രയിക്കുന്ന പാകിസ്ഥാന്‍ സാമ്പത്തിക സാഹചര്യത്തിന് ഇത്തരം സംഭവങ്ങള്‍ വ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും നിരീക്ഷണമുണ്ട്. 

വര്‍ഷങ്ങളായി ഗള്‍ഫ് തൊഴില്‍ വിപണിയില്‍ പ്രധാന പങ്ക് വഹിച്ചുവരുന്ന പാകിസ്ഥാന്‍ തൊഴിലാളികള്‍ക്ക് ഇത്തരം സംഭവങ്ങള്‍ മാറുന്ന സാഹചര്യങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക ദൗര്‍ബല്യങ്ങള്‍ വിദേശത്തുള്ള പൗരന്മാരുടെ സാമൂഹിക- തൊഴില്‍ സുരക്ഷയെ ബാധിക്കുന്നതായും ഇത് വ്യക്തമാക്കുന്നു.