ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറിന്റെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്സ്വീനി രാജിവച്ചു. അമേരിക്കന്‍ നീതിവകുപ്പ് പുറത്തുവിട്ട രേഖകളില്‍ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള പീറ്റര്‍ മാന്‍ഡല്‍സന്റെ ബന്ധങ്ങള്‍ വീണ്ടും പുറത്തുവന്നതോടെയാണ് വിവാദം രൂക്ഷമായത്. ഇതിന്റെ തുടര്‍ച്ചയായാണ് മക്സ്വീനിയുടെ രാജി.
2024ലെ ചരിത്രവിജയ തെരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നിലെ മുഖ്യശില്പിയായി കണക്കാക്കപ്പെടുന്ന മക്സ്വീനീ പീറ്റര്‍ മാന്‍ഡല്‍സനെ യു എസിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
പീറ്റര്‍ മാന്‍ഡല്‍സനെ നിയമിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും അത് പാര്‍ട്ടിയെയും രാജ്യത്തെയും രാഷ്ട്രീയത്തോടുള്ള വിശ്വാസത്തെയും അപകടത്തിലാക്കിയെന്നും മക്സ്വീനീ പറഞ്ഞു.
പ്രസ്തുത നിയമനത്തിന് താന്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കിയിരുന്നതായും അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും നിലവിലെ സാഹചര്യത്തില്‍ പിന്മാറുക മാത്രമാണ് മാന്യമായ വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 സെപ്റ്റംബറില്‍ എപ്സ്റ്റീനുമായുള്ള സാമ്പത്തികവും വ്യക്തിപരവുമായ ബന്ധങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവിട്ടതിന് പിന്നാലെ മാന്‍ഡല്‍സനെ അംബാസഡര്‍ പദവിയില്‍ നിന്ന് നീക്കിയിരുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് വിപണിയെ ബാധിക്കുന്ന വിവരങ്ങള്‍ എപ്സ്റ്റീനുമായി പങ്കുവച്ചുവെന്ന ആരോപണങ്ങളും രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു. 2026 തുടക്കത്തില്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മാന്‍ഡല്‍സണ്‍ ലേബര്‍ പാര്‍ട്ടിയിലും ഹൗസ് ഓഫ് ലോര്‍ഡ്‌സിലുമുള്ള അംഗത്വവും രാജിവച്ചു.
വിവാദത്തിന്റെ വ്യാപക പ്രത്യാഘാതങ്ങളെ കുറിച്ചും മക്സ്വീനീ രാജിക്കത്തില്‍ പരാമര്‍ശിച്ചു. ജെഫ്രി എപ്സ്റ്റീന്‍ മൂലം ജീവിതം തകര്‍ന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഓര്‍ക്കണമെന്നും അവരുടെ ശബ്ദങ്ങള്‍ ഏറെക്കാലം അവഗണിക്കപ്പെട്ടുവെന്നും കത്തില്‍ പറയുന്നു.
താന്‍ നിയമന പരിശോധനാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നില്ലെങ്കിലും പ്രസ്തുത പ്രക്രിയ അടിസ്ഥാനപരമായി പുനഃസംഘടിപ്പിക്കപ്പെടണമെന്ന് വിശ്വസിക്കുന്നതായും ഇത് പ്രതീകാത്മകമായ നടപടിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
