എപ്സ്റ്റീൻ പീഡനക്കേസ്: ഇരകളുടെ കേസ് ഒത്തുതീർക്കാൻ 35 മില്യൺ ഡോളർ നൽകാൻ സമ്മതിച്ച് എസ്റ്റേറ്റ്

എപ്സ്റ്റീൻ പീഡനക്കേസ്: ഇരകളുടെ കേസ് ഒത്തുതീർക്കാൻ 35 മില്യൺ ഡോളർ നൽകാൻ സമ്മതിച്ച് എസ്റ്റേറ്റ്


ന്യൂയോർക്ക് : ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ധനകാര്യ വിദഗ്ധൻ ജെഫ്രി എപ്സ്റ്റീൻന്റെ എസ്റ്റേറ്റ്, ഇരകൾ നൽകിയ കൂട്ടായ കേസിൽ ഒത്തുതീർപ്പിന് പരമാവധി 35 മില്യൺ ഡോളർ നൽകാൻ സമ്മതിച്ചു. വ്യാഴാഴ്ച ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരം വ്യക്തമാകുന്നത്. ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ കരാർ അന്തിമമാവൂ.

1995 ജനുവരി 1 മുതൽ 2019 ഓഗസ്റ്റ് 10 വരെ-(എപ്സ്റ്റീൻ ജയിലിൽ മരിച്ച ദിവസം വരെ)-തന്നെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായോ കടത്തിവിടപ്പെട്ടതായോ ആരോപിക്കുന്ന ഡസൻകണക്കിന് ഇരകളെയാണ് ഈ ഒത്തുതീർപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കരാറിന്റെ വ്യവസ്ഥകൾ പ്രകാരം, 40 പേരോ അതിലധികമോ പേർ ഒത്തുതീർപ്പ് ക്ലാസിൽ അർഹരായി അംഗീകരിക്കപ്പെടുന്നുവെങ്കിൽ എസ്റ്റേറ്റ് 35 മില്യൺ ഡോളർ നൽകണം. അർഹരായവർ 40ൽ താഴെയാണെങ്കിൽ, തുക 25 മില്യൺ ഡോളറായി കുറയും.

എപ്സ്റ്റീന്റെ മുൻ അഭിഭാഷകനായ ഡാരൻ ഇൻഡൈക്കും മുൻ അക്കൗണ്ടന്റായ റിച്ചാർഡ് കാനുമാണ് എസ്റ്റേറ്റിന്റെ സഹനിർവാഹകർ. എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ തങ്ങൾ ഒരു തരത്തിലും  കുറ്റവാളികളല്ലെന്ന് ഇരുവരും വ്യക്തമാക്കി. ലൈംഗിക പീഡനത്തിൽ നേരിട്ട് പങ്കുണ്ടെന്നോ അത് കണ്ടുവെന്നോ ഇവർക്കെതിരെ ആരോപണമില്ല. 2024ൽ ഫയൽ ചെയ്ത കേസിൽ, നിയമ-ബിസിനസ് സേവനങ്ങളിലൂടെ എപ്സ്റ്റീന്റെ അനധികൃത പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയെന്ന ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിരുന്നത്. പുതിയ ഒത്തുതീർപ്പോടെ ആ കേസ് അവസാനിക്കുമെന്നാണ് വിലയിരുത്തൽ.

മാൻഹാട്ടനിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഉത്തരവനുസരിച്ച്, ഈ ഒത്തുതീർപ്പ് സഹനിർവാഹകർ കുറ്റം സമ്മതിക്കുന്നതായോ ഇരകൾക്ക് ഭാവിയിൽ കൂടുതൽ നിയമനടപടികൾക്ക് അവകാശമുണ്ടെന്നോ സൂചിപ്പിക്കുന്നില്ല.

ഇരകളെ പ്രതിനിധീകരിക്കുന്ന നിയമസ്ഥാപനമായ  ബോയീസ് ഷില്ലർ ഫ്‌ലെക്‌സനർ എൽഎൽപി , എപ്സ്റ്റീൻ എസ്റ്റേറ്റുമായി ഇതുവരെ ഒത്തുതീർപ്പിൽ എത്താത്ത കുറഞ്ഞത് 40 ഇരകൾ എങ്കിലും ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ, എപ്സ്റ്റീനെയും ബന്ധപ്പെട്ടവരെയും കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രേഖകളും ചിത്രങ്ങളും വീഡിയോകളും യു.എസ്. ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ ഒത്തുതീർപ്പ് കരാർ നിലവിൽ വന്നത്.