വത്തിക്കാൻ: ലോകത്ത് ഉയർന്നുവരുന്ന സംഘർഷാന്തരീക്ഷത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ശക്തമായ ആഹ്വാനവുമായി പോപ്പ് ലിയോ XIV രംഗത്തെത്തി. വത്തിക്കാൻ നഗരത്തിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന സമാധാന പ്രാർത്ഥനാ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിർണായക സന്ദേശം നൽകിയത്.
ലോകം 'അമിതശക്തിനേടണം എന്ന ഭ്രമത്തിൽ' കുടുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതാണ് യുദ്ധങ്ങളും സംഘർഷങ്ങളും കൂടുതൽ അപകടകരമാക്കുന്നതെന്നും പോപ്പ് മുന്നറിയിപ്പ് നൽകി. സഹകരണത്തിന് പകരം ഏറ്റുമുട്ടലാണ് ലോകം നേരിടുന്നതെന്നും, ഒരുമിച്ച് വരാനുള്ള ക്ഷണങ്ങൾക്ക് പകരം ഭീഷണികളാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പോപ്പിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഈ ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാകിസ്ഥാനിൽ നിന്ന് മടങ്ങിയതോടെ പ്രശ്‌നപരിഹാരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ബലപ്രയോഗം ഉപയോഗിക്കുന്നതിനെ പോപ്പ് കടുത്ത ഭാഷയിൽ വിമർശിച്ചു. മതത്തെ ഉപയോഗിച്ച് അക്രമം ന്യായീകരിക്കുന്ന പ്രവണതയും അദ്ദേഹം ചോദ്യം ചെയ്തു. 'പ്രാർത്ഥിക്കുന്നവരെ മരണം കൊണ്ട് ഭയപ്പെടുത്താൻ കഴിയില്ല. സ്വന്തം ശക്തിയെ ദൈവമാക്കി മാറ്റുന്നവരാണ് അത്തരത്തിൽ പെരുമാറുന്നത്,' എന്നും അദ്ദേഹം പറഞ്ഞു
ലോക ശക്തികൾ സഹകരണത്തിന് പകരം കീഴടങ്ങലാണ് ആവശ്യപ്പെടുന്നതെന്നും, അതും അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സ്വാർത്ഥതയുടെ പൂജയും അധികാര പ്രദർശനവും മതിയാക്കുക. യുദ്ധം മതിയാക്കുക,' എന്നായിരുന്നു അദ്ദേഹത്തിന്റെ ശക്തമായ സന്ദേശം.
സൈനിക ശക്തിയല്ല, മനുഷ്യജീവിതവും മാനവമഹത്വവും സംരക്ഷിക്കുന്നതിലാണ് യഥാർത്ഥ ശക്തിയെന്നും പോപ്പ് പറഞ്ഞു. സമാധാനവും സംവാദവുമാണ് ലോകം തിരഞ്ഞെടുക്കേണ്ട വഴി എന്നും അദ്ദേഹം ലോകനേതാക്കളോട് അഭ്യർത്ഥിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും പുരോഹിതരുമാണ് പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുത്തത്. തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനും കൂടുതൽ അക്രമം തടയാനും പ്രാർത്ഥനകൾ ഉയർന്നു.
ആഗോള സംഘർഷങ്ങളെ കുറിച്ച് പോപ്പ് ലിയോ XIV നടത്തിയ ഏറ്റവും ശക്തമായ പ്രതികരണങ്ങളിലൊന്നായാണ് ഈ സന്ദേശം വിലയിരുത്തപ്പെടുന്നത്. യുഎസ്-ഇറാൻ ബന്ധം സംഘർഷാത്മകമായി തുടരുന്ന സാഹചര്യത്തിൽ, ഈ ആഹ്വാനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുമെന്നാണു നിരീക്ഷണം.
'യുദ്ധത്തിന്റെ പൈശാചികത മതിയാക്കുക': സമാധാനത്തിന് ആഹ്വാനവുമായി പോപ്പ് ലിയോ XIV
