പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ 2027ല്‍ അവസാനിച്ചതിനു ശേഷം രാഷ്ട്രീയത്തില്‍ തുടരാന്‍ പദ്ധതിയില്ലെന്ന് പറഞ്ഞു. സൈപ്രസിലെ നിക്കോസിയയിലെ ഒരു കൂട്ടം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റാകുന്നതിന് മുമ്പ് താന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെന്നും അതിനുശേഷവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
2025 ജൂലൈയില്‍ പാരീസില്‍ തന്റെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ പ്രസ്താവന.
യുവജന വിഭാഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാക്രോണ്‍ അന്ന് പറഞ്ഞത് രണ്ട് വര്‍ഷത്തിനുള്ളില്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍, 10 വര്‍ഷത്തിനുള്ളില്‍ തനിക്ക് നിങ്ങളെ ആവശ്യമുണ്ട് എന്നായിരുന്നു.
2032ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതിന്റെ സൂചനയായി അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും പുതിയ അഭിപ്രായങ്ങള്‍ രാഷ്ട്രീയ വിശകലന വിദഗ്ധരെ വീണ്ടും തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് ഊഹിക്കാനാണ് പ്രേരിപ്പിക്കുന്നത്.
ശ്രദ്ധേയമായ കാര്യം ഫ്രാന്‍സിന്റെ പ്രസിഡന്റുമാരില്‍ ആരും സ്ഥാനമൊഴിഞ്ഞതിനുശേഷം രാഷ്ട്രീയത്തില്‍ തിരികെ പോയിട്ടില്ല എന്നതാണ്.
2017ല്‍ 39 വയസ്സുള്ളപ്പോഴാണ് മാക്രോണ്‍ ആദ്യമായി ഫ്രാന്‍സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1958ല്‍ അഞ്ചാം റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായാണ് അദ്ദേഹം സ്ഥാനമേറ്റത്. 2022ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഫ്രാന്‍സില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സ്ഥാനമേല്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല.
പ്രസിഡന്റാകുന്നതിന് മുമ്പ് 2014 മുതല്‍ 2016 വരെ ഫ്രാങ്കോയിസ് ഹോളണ്ടിന്റെ സോഷ്യലിസ്റ്റ് സര്‍ക്കാരിന് കീഴില്‍ സാമ്പത്തിക മന്ത്രിയായി മാക്രോണ്‍ സേവനമനുഷ്ഠിച്ചിരുന്നു.
