മ്യൂണിക് സമ്മേളന വേദിയുടെ പ്രവേശനകവാടത്തിൽ അസിം മുനീറിനോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ; സോഷ്യൽ മീഡിയയിൽ വിവാദം

മ്യൂണിക് സമ്മേളന വേദിയുടെ പ്രവേശനകവാടത്തിൽ  അസിം മുനീറിനോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ; സോഷ്യൽ മീഡിയയിൽ വിവാദം


മ്യൂണിക്: ജർമനിയിലെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എത്തിയ പാകിസ്ഥാൻ സൈന്യാധിപൻ ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും വാർത്തകളിൽ നിറയുന്നു. സമ്മേളന വേദിയിലേക്ക് പ്രവേശിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് തിരിച്ചറിയൽ രേഖ (ഐഡി) കാണിക്കാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഈ വീഡിയോ പുറത്ത് വന്നതോടെ നെറ്റിസൺമാർ തമ്മിലുള്ള വാദപ്രതിവാദങ്ങളും കനക്കുകയാണ്. ചിലർ പറയുന്നത്, അന്താരാഷ്ട്ര സമ്മേളനങ്ങളിൽ എല്ലാവരും ഒരേ രീതിയിലുള്ള സുരക്ഷാ നടപടികളാണ് പാലിക്കേണ്ടത്. അതിനാൽ ഐഡി പരിശോധിച്ചത് സാധാരണ പ്രോട്ടോക്കോൾ മാത്രമാണെന്നും, പ്രത്യേക പരിഗണനയില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാവരോടും ഒരുപോലെ പെരുമാറിയതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, മറ്റൊരു വിഭാഗം ഇതിനെ വ്യത്യസ്തമായാണ് കാണുന്നത്. പാകിസ്ഥാനിലെ ഉയർന്ന സൈനിക പദവിയിലുള്ള വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിയാതിരുന്നത് അദ്ദേഹത്തിന്റെ ആഗോള പ്രാധാന്യത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് അവരുടെ വിമർശനം.

ഇതിനിടെ ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിന്ധി രാഷ്ട്രീയ സംഘടനയായ ജെഎസ്എംഎം അസിം മുനീറിന്റെ സമ്മേളനത്തിൽ പങ്കാളിത്തത്തെ ശക്തമായി എതിർത്തു. സുരക്ഷാ ഉച്ചകോടിയിൽ അദ്ദേഹത്തെ കാണുന്നത് 'ആഴത്തിലുള്ള ഞെട്ടലും ഖേദവും' ഉണ്ടാക്കുന്നതാണെന്നായിരുന്നു സംഘടനയുടെ പ്രതികരണം.

പാകിസ്ഥാനിലെ സൈനിക സംവിധാനത്തിന് മനുഷ്യാവകാശ ലംഘനങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും നീണ്ട ചരിത്രമുണ്ടെന്നാരോപിച്ച ജെഎസ്എംഎം, 1971ൽ ഈസ്റ്റ് പാകിസ്ഥാനിൽ നടന്ന സംഭവങ്ങളെ പരാമർശിക്കുകയും ചെയ്തു. കൂടാതെ, മുൻ പ്രധാനമന്ത്രിമാരായ ലിയാക്കത്ത് അലിഖാൻ,ബെനാസിർ ഭൂട്ടോ എന്നിവരുടെ വധവും സുൾഫിക്കർ അലി ഭൂട്ടോയുടെ വധശിക്ഷയും രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയുടെ ഉദാഹരണങ്ങളായി സംഘടന ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലായതും സൈനിക നേതൃത്വവുമായി ഉണ്ടായ സംഘർഷങ്ങളുടെ ഫലമാണിതെന്ന ആരോപണവും സംഘടന ഉയർത്തി.

സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വാ, പാകിസ്ഥാൻ അധീന കശ്മീർ മേഖലകളിൽ ആളുകളെ പിടിച്ചുകൊണ്ടുപോകുന്നതിനെ തുടർന്നുള്ള കാണാതാകലുകളും നിയമവിരുദ്ധ കൊലപാതകങ്ങളും തുടരുകയാണെന്നും ജെഎസ്എംഎം ആരോപിച്ചു. എന്നാൽ, ഇത്തരം ആരോപണങ്ങൾ പാകിസ്ഥാൻ സർക്കാർ പതിവായി നിഷേധിച്ചുവരികയുമാണ്.

അസിം മുനീറിന്റെ ഐഡി പരിശോധിച്ച സംഭവം പതിവ് സുരക്ഷാനടപടിയോ, അതോ അന്താരാഷ്ട്ര തലത്തിൽ ഉയർന്ന സൈനിക നേതാവിന്റെ അംഗീകാരത്തെ ചോദ്യം ചെയ്യുന്ന സംഭവമോ എന്ന ചർച്ചകൾ  തുടരുകയാണ്.