വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ ഉപയോഗിച്ച ഡ്രോണുകള്‍ യു എസ് ആകാശമേഖല ലംഘിച്ചതിനെ തുടര്‍ന്ന് ടെക്‌സാസിലെ എല്‍ പാസോയ്ക്ക് മുകളില്‍ താത്ക്കാലികമായി അടച്ച ആകാശമേഖല വീണ്ടും തുറന്നതായി യു എസ് പ്രതിരോധ വകുപ്പ് അറിയിച്ചു.
മെക്‌സിക്കന്‍ കാര്‍ട്ടല്‍ ഡ്രോണുകള്‍ യു എസ് ആകാശമേഖല ലംഘിച്ചുവെന്നും അവ പ്രവര്‍ത്തനരഹിതമാക്കാന്‍ പ്രതിരോധ വകുപ്പ് നടപടി സ്വീകരിച്ചതായും ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രദേശം വീണ്ടും തുറന്നതിന് ശേഷം പറഞ്ഞു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) എല്‍ പാസോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും പുറത്തേക്കും പോകുന്ന എല്ലാ വിമാന സര്‍വീസുകളും പെട്ടെന്ന് 10 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇത് ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചു.
പ്രാദേശിക അധികാരികള്‍ക്ക് അടച്ചുപൂട്ടലിനെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് എല്‍ പാസോ സിറ്റികൗണ്‍സില്‍ അംഗമായ ക്രിസ് കനാലസ് പറഞ്ഞു. മേയര്‍ റിനാര്‍ഡ് ജോണ്‍സണും ഇതേ കാര്യം സ്ഥിരീകരിച്ചു.
അടച്ചുപൂട്ടലിനെ തുടര്‍ന്ന് മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൊണ്ടുവരുന്ന ഒരു വിമാനം എല്‍ പാസോയില്‍ എത്താതിരുന്നതായും മേയര്‍ വ്യക്തമാക്കി.
നിയന്ത്രണം എല്‍ പാസോയെ ചുറ്റിയുള്ള 10 മൈല്‍ പരിധിയിലും ന്യൂ മെക്‌സിക്കോയിലെ സാന്‍ ടെറേസ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലുമായിരുന്നു ബാധകമായിരുന്നത്.
