ഇസ്ലാമാബാദ്: വിവാഹാഘോഷങ്ങള്‍ക്കിടയില്‍ ഇസ്ലാമാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വധൂ വരന്മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായും ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു.
വിവാഹ വീട്ടില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരു ഭാഗം തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
ഇസ്ലാമാബാദ് ഡി ഐ ജി മുഹമ്മദ് ജാവിദ് താരിഖ് അപകടസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അപകടത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുശോചനം അറിയിച്ചു. സന്തോഷം നിറഞ്ഞ ചടങ്ങില്‍ സംഭവിച്ച ദു:ഖകരമായ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചകള്‍ മൂലം നേരത്തെയും നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
