കിന്‍ഷാസ: കോംഗോയില്‍ പടര്‍ന്നുപിടിച്ച എബോള വൈറസ് ബാധയില്‍ മരണസംഖ്യ 200 കടന്ന സാഹചര്യത്തില്‍ രോഗവ്യാപനം ഇപ്പോഴും നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ അദാനം ഗെബ്രയെസസ് പറഞ്ഞു.
പ്രതിസന്ധി നേരിട്ട് വിലയിരുത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി അദ്ദേഹം വ്യാഴാഴ്ച കോംഗോ തലസ്ഥാനമായ കിന്‍ഷാസയില്‍ എത്തി. വെള്ളിയാഴ്ച രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ഇതുരി പ്രവിശ്യ സന്ദര്‍ശിക്കുമെന്നാണ് വിവരം.
രോഗവ്യാപനം തടയാനാകുമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ പ്രതിസന്ധിയെ മറികടക്കാമെന്നും ടെഡ്രോസ് പറഞ്ഞു. എബോള നിയന്ത്രണത്തിനായി യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് ഫലപ്രദമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം മെയ് 15ന് രോഗവ്യാപനം പ്രഖ്യാപിച്ചതിന് ശേഷം കോംഗോയില്‍ 10 സ്ഥിരീകരിച്ച മരണങ്ങളും 223 സംശയാസ്പദ എബോള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് തന്നെ വൈറസ് വ്യാപകമായി പടര്‍ന്നിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. 10 കോടിയിലധികം ജനസംഖ്യയുള്ള മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ രേഖപ്പെടുത്തുന്ന 17-ാമത്തെ എബോള പടര്‍ച്ചയാണിത്.
ധാതുസമ്പത്ത് സമൃദ്ധമായ കിഴക്കന്‍ കോംഗോയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സായുധ സംഘര്‍ഷങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. റുവാണ്ട പിന്തുണയുള്ള എം23 വിമതര്‍ 2021 മുതല്‍ നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കിയിട്ടുണ്ട്. കഴിഞ്ഞ 18 മാസത്തിനിടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.
എല്ലാ യുദ്ധ വിഭാഗങ്ങളോടും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ടെഡ്രോസ് അഭ്യര്‍ഥിച്ചു.
നിലവിലെ രോഗവ്യാപനത്തിന് കാരണമായ ബുണ്ടിബുഗ്യോ വിഭാഗം എബോള വൈറസിനെതിരേ അംഗീകൃത വാക്സിനോ ചികിത്സയോ നിലവിലില്ല. എന്നാല്‍ 2026 അവസാനത്തോടെ ഈ വൈറസിനെതിരായ വാക്സിനും മരുന്നും ലഭ്യമാക്കുമെന്ന് ആഫ്രിക്ക സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മേധാവി ജീന്‍ കാസേയ അറിയിച്ചു.
ഇതിനിടെ, ഇതുരി പ്രവിശ്യ തലസ്ഥാനമായ ബുനിയയിലേക്ക് 4.6 ടണ്‍ അടിയന്തര സഹായ സാമഗ്രികള്‍ എത്തിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കുട്ടികളുടെ ക്ഷേമത്തിനായുള്ള യുണിസെഫ് 100 ടണ്‍ അധിക മാനുഷിക സഹായവും അയക്കുകയാണ്.
അതേസമയം, ഒരു എബോള മരണവും ആറു കേസുകളും സ്ഥിരീകരിച്ച അയല്‍രാജ്യമായ ഉഗാണ്ട കോംഗോയുമായുള്ള അതിര്‍ത്തി അടച്ചു. അമേരിക്കയിലേക്ക് എബോള ബാധിതരെ പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രപ് ഭരണകൂടവും അറിയിച്ചു.
രോഗബാധിതരായ അമേരിക്കന്‍ പൗരന്മാര്‍ക്കായി കെനിയയില്‍ പ്രത്യേക ചികിത്സാ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിയും അമേരിക്ക പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന് അധികഭാരം സൃഷ്ടിക്കുമെന്നാരോപിച്ച് കെനിയയിലെ മനുഷ്യാവകാശ സംഘടന കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ആഫ്രിക്കയില്‍ മാത്രം 15,000ത്തിലധികം പേരാണ് എബോള ബാധിച്ച് മരിച്ചത്. 2018 മുതല്‍ 2020 വരെ കോംഗോയില്‍ ഉണ്ടായ ഏറ്റവും വലിയ എബോള പടര്‍ച്ചയില്‍ ഏകദേശം 2,300 പേരാണ് മരിച്ചത്.
