സ്വാതന്ത്ര്യസമര സേനാനിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ അദ്ദേഹത്തിന്റെ പ്രതിമ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനാച്ഛാദനം ചെയ്തു. ഒക്ടോബർ 31-ന് സർദാർ വല്ലഭഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ആഘോഷിച്ച ദേശീയ ഏകതാ ദിനത്തിലാണ് ഈ അനാച്ഛാദനം നടന്നത്. 'രാഷ്ട്രീയ ഏകതാ ദിവസ്' ആഘോഷിക്കുന്നതിനായി അവിടെ ഒത്തുചേർന്ന പ്രവാസി ഇന്ത്യക്കാരുമായും അദ്ദേഹം സംവദിച്ചു.
327 കിലോഗ്രാം (ഏകദേശം 780 പൗണ്ട്) ഭാരമുള്ള ഈ പിച്ചള പ്രതിമ പ്രശസ്ത ശില്പി നരേഷ് കുമാവത് ആണ് നിർമ്മിച്ചത്. "Unity, Strength, Duty" (ഐക്യം, കരുത്ത്, കടമ) എന്ന വാചകം ഇതിന്റെ പീഠത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഫെഡറേഷൻ ഓഫ് ഗുജറാത്തി അസോസിയേഷൻസിന്റെയും സംയുക്ത സംരംഭമായാണ് ഈ പ്രതിമ സ്ഥാപിച്ചത്. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, കോൺസുൽ ജനറൽ ഡോ. സുമിത് സേത്ത് എന്നിവരും പ്രവാസി മലയാളി/ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, സർദാർ പട്ടേലിന്റെ ദീർഘവീക്ഷണം, നേതൃപാടവം, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ എന്നിവ അനുസ്മരിച്ച ജയശങ്കർ, ഈ പ്രതിമ പ്രചോദനത്തിന്റെ ഒരു ശാശ്വത ഉറവിടമായിരിക്കുമെന്ന് വിശേഷിപ്പിച്ചു. പ്രവാസി ഇന്ത്യക്കാരുടെ നേട്ടങ്ങളിലും അവർ നൽകിയ സംഭാവനകളിലും അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ പട്ടേലിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 31-നാണ് 'രാഷ്ട്രീയ ഏകതാ ദിവസ്' ആചരിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ ഏകീകരണത്തിനും ഐക്യത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ ഈ ദിനം അടയാളപ്പെടുത്തുന്നു.
അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ സർദാർ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനാച്ഛാദനം ചെയ്തു
