ഇറാൻ-ഇസ്രായേൽ-അമേരിക്ക ത്രികോണത്തിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ശക്തിപ്രാപിച്ചതോടെ യുഎഇയിലേക്കും അതിന്റെ പ്രതിഫലം വ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഇറാൻ നടത്തിയ മൂന്നാം ഘട്ട മിസൈൽ ആക്രമണം വിജയകരമായി തടഞ്ഞുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സിവിലിയൻസൈനിക അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഭൂരിഭാഗം മിസൈലുകളും ആകാശത്തുതന്നെ നിർവീര്യമാക്കിയെങ്കിലും, അവയുടെ അവശിഷ്ടങ്ങൾ ദുബൈയിലെ ചില താമസമേഖലകളിൽ വീണ് ചെറിയ പരിക്കുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.
സാഹചര്യം ഗുരുതരമായതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) യുഎഇയുടെ വ്യോമപരിധി ഭാഗികമായി അടച്ചു. ഇതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (ഡിഎക്‌സ്ബി)യും ദുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് എത്താതെ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും നിർദേശം നൽകി.
ഇതിനിടെ ലെബനനിലെ ബെയ്രൂട്ടിൽ ഇസ്രായേൽ സൈന്യം വീണ്ടും ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ദഹിയ പ്രദേശത്തേക്കാണ് മുന്നറിയിപ്പ്. പ്രദേശം ഇതിനകം ഇസ്രായേൽ വ്യോമാക്രമണങ്ങൾക്കു വിധേയമാകുകയാണ്. ഹിസ്ബുള്ളയുടെ ഉടമസ്ഥതയിലുള്ള അൽ മനാർ ടെലിവിഷൻ ഓഫീസ് ലക്ഷ്യമിട്ടും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
സൗദി അറേബ്യയിൽ പ്രിൻസ് സുൽത്താൻ എയർ ബേസിന് സമീപം അഞ്ചു ശത്രു ഡ്രോണുകൾ തകർത്തതായി അധികൃതർ അറിയിച്ചു. അതേസമയം കുവൈത്തിൽ യുഎസ് എംബസി അടിയന്തര 'ടേക്ക് കവർ' മുന്നറിയിപ്പ് നൽകി. റിയാദിലെ യുഎസ് എംബസിയെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
രാഷ്ട്രീയ തലത്തിലും പ്രതികരണങ്ങൾ ശക്തമാണ്. യുഎഇ ടെഹ്‌റാനിലെ തങ്ങളുടെ എംബസി അടച്ചതും നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതും സ്ഥിരീകരിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമലംഘനവും അതീവ അപകടകരമായ വളർച്ചയുമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ആഗോളതലത്തിൽ പ്രതികരണങ്ങൾ ഉയരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎഇ പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് ഐക്യദാർഢ്യം അറിയിച്ചു. ആക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, സമാധാനം പുനസ്ഥാപിക്കാൻ എല്ലാ രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രദേശത്ത് തുടർന്നും സംഘർഷം നിലനിൽക്കുന്നതിനാൽ വ്യോമഗതാഗതവും അന്താരാഷ്ട്ര വ്യാപാരവും വൻ തിരിച്ചടിയിലായിരിക്കുകയാണ്. സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട രാജ്യങ്ങൾ അറിയിച്ചു.
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം: യുഎഇയിൽ മിസൈൽ ആക്രമണം തടഞ്ഞു, ദുബൈ വിമാനത്താവളങ്ങൾ അടച്ചു; ബെയ് റൂട്ടിൽ ഇസ്രായേൽ മുന്നറിയിപ്പ്
