ടെഹ്രാൻ: ഇറാൻ ജനതയുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ലാതെ അമേരിക്കയുമായി യാതൊരു കരാറിനും തയ്യാറാകില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഖർ ഖാലിബഫ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഇറാന്റെ കടുത്ത നിലപാട്.
സർക്കാർ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ, അമേരിക്കയുടെ വാക്കുകളെയോ വാഗ്ദാനങ്ങളെയോ ഇറാൻ വിശ്വസിക്കുന്നില്ലെന്ന് ഖാലിബഫ് പറഞ്ഞു. ഇറാൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പായാൽ മാത്രമേ ഏതെങ്കിലും കരാറിന് അംഗീകാരം നൽകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം,ഇറാനുമായി കരാർ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രകടിപ്പിച്ചത്. കരാർ ഒപ്പുവെച്ചാൽ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനാകുമെന്നും അങ്ങനെ സംഭവിച്ചാൽ മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് ശമനം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇറാന് ആണവായുധം കൈവശം വയ്ക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
ഇതിനിടെ, അമേരിക്ക മുന്നോട്ടുവച്ച പുതിയ കരട് നിർദേശത്തിൽ കൂടുതൽ കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇറാന്റെ മരവിപ്പിച്ച 1200 കോടി ഡോളറിന്റെ ആസ്തികൾ വിട്ടുനൽകണമെന്നാണ് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രധാന ആവശ്യങ്ങളിലൊന്ന്. കൂടാതെ, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കുമെന്ന ട്രംപിന്റെ അവകാശവാദവും ഇറാൻ തള്ളി. അത്തരമൊരു ധാരണയിൽ എത്തിയിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഭാവിയിലെ ഏത് കരാറിലും ലെബനന്റെ വിഷയവും ഉൾപ്പെടുത്തണമെന്നാണ് ഇറാന്റെ മറ്റൊരു ആവശ്യം. ലെബനനിൽ ഇസ്രയേൽ സൈനിക നടപടി വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാട്. ഇസ്രയേൽ 'ഭൂമി ചുട്ടുകരിയിക്കുന്ന' നയമാണ് പിന്തുടരുന്നതെന്ന് ലെബനൻ നേരത്തെ ആരോപിച്ചിരുന്നു.
ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയും പരിഗണനയിലുണ്ടെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. 'ഞങ്ങൾക്ക് വേണ്ടത് ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ മറ്റൊരു വഴിയിലേക്കാകും പോകുക,' എന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന്റെ ഭാവിയും ആണവ പദ്ധതിയെ ചൊല്ലിയുള്ള തർക്കവും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയാണ്.
'അമേരിക്കയെ വിശ്വസിക്കാനാവില്ല'; അവകാശങ്ങൾ ഉറപ്പാകാതെ കരാറില്ലെന്ന് ഇറാൻ, ട്രംപിന്റെ മുന്നറിയിപ്പും ശക്തം
