'തെരുവുകളില്‍ തന്നെ തുടരുക, ട്രംപ് നിങ്ങളുടെ ധീരത കാണുന്നുണ്ട് '; ഇറാനിയന്‍ ജനതയെ വീണ്ടും ആഹ്വാനം ചെയ്ത് റേസ പഹ്ലവി

'തെരുവുകളില്‍ തന്നെ തുടരുക, ട്രംപ് നിങ്ങളുടെ ധീരത കാണുന്നുണ്ട് '; ഇറാനിയന്‍ ജനതയെ വീണ്ടും ആഹ്വാനം ചെയ്ത് റേസ പഹ്ലവി


ടെഹ്‌റാന്‍: അയത്തുല്ല ഖാമനെയി ഭരണകൂടത്തിനെതിരെ ഇറാനില്‍ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, നാടുകടത്തപ്പെട്ട കിരീടാവകാശിയും അവസാന ഷായുടെ മകനുമായ റേസ പഹ്ലവി വീണ്ടും ജനങ്ങളെ തെരുവീഥികളിലേക്ക് വരാന്‍ ആഹ്വാനം ചെയ്തു. 'നിങ്ങളുടെ ധൈര്യം ലോകം കാണുകയാണ്. വീഥികള്‍ വിട്ടുപോകരുത്' എന്ന് ആവശ്യപ്പെട്ട് പഹ്ലവി പുതിയ വീഡിയോ സന്ദേശം പുറത്തിറക്കി.

ഇറാനിയന്‍ ജനതയുടെ പോരാട്ടത്തിന് ലോകമെമ്പാടുമുള്ള ഇറാനിയര്‍ പിന്തുണ നല്‍കുകയാണെന്ന് പറഞ്ഞ പഹ്ലവി, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെയും അഭിനന്ദിച്ചു. 'സ്വതന്ത്ര ലോകത്തിന്റെ നേതാവെന്ന നിലയില്‍ പ്രസിഡന്റ് ട്രംപ് നിങ്ങളുടെ അസാധാരണ ധൈര്യം ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളെ സഹായിക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്റെ ഹൃദയം നിങ്ങളോടൊപ്പം തന്നെയാണ്. ഉടന്‍ തന്നെ ഞാന്‍ നിങ്ങളോടൊപ്പം ചേരും' എന്നും പഹ്ലവി പറഞ്ഞു.

വ്യാപക പ്രതിഷേധങ്ങള്‍ ഖാമനെയിയുടെ 'അടിച്ചമര്‍ത്തല്‍ സംവിധാനത്തെ' കാര്യമായി ദുര്‍ബലപ്പെടുത്തിയതായി പഹ്ലവി അവകാശപ്പെട്ടു. നിരവധി സുരക്ഷാസേനാംഗങ്ങള്‍ ജോലിസ്ഥലങ്ങള്‍ ഉപേക്ഷിക്കുകയോ ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉത്തരവുകള്‍ അവഗണിക്കുകയോ ചെയ്യുന്നതായാണ് തനിക്കു ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ ഖാമനെയിക്കൊപ്പം ശേഷിക്കുന്നത് വിദേശികളും ഇറാന്‍ വിരുദ്ധരുമായ ഒരു ചെറു സംഘമാത്രമാണ്. അവര്‍ തങ്ങളുടെ കുറ്റങ്ങള്‍ക്ക് ഉത്തരവാദികളാകും' എന്നും പഹ്ലവി മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധക്കാര്‍ പ്രധാന റോഡുകളിലും പൊതു സ്ഥലങ്ങളിലും തന്നെ തുടരണമെന്നും ചെറുവഴികളിലേക്കോ കൂട്ടത്തില്‍ നിന്ന് പിരിയരുതെന്നും അത് ജീവന് അപകടം വരുത്താമെന്നും പഹ്ലവി ആവശ്യപ്പെട്ടു.

ഇതിനിടെ, ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നതിനിടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മരണസംഖ്യ 116 ആയി ഉയര്‍ന്നതായി എപി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പഹ്ലവി ജനങ്ങളെ 'സ്ഥലങ്ങള്‍ കൈവശപ്പെടുത്താന്‍' ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനിയന്‍ ജനതയുടെ സ്വാതന്ത്ര്യാവശ്യത്തെ പിന്തുണച്ചുകൊണ്ട് 'സഹായിക്കാന്‍ തയ്യാറാണെന്ന്' പറഞ്ഞതോടെ അന്താരാഷ്ട്ര ശ്രദ്ധയും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഖാമനെയി ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കടുത്ത നിലപാടാണ് തുടരുന്നത്. ഇറാന്റെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവഹേദി അസാദ്, പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രു' എന്ന് പ്രഖ്യാപിച്ച് വധശിക്ഷ വരെ ചുമത്താമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്.

ജൂണില്‍ അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ബോംബാക്രമണം നടത്തിയതോടെ തുടങ്ങിയ രാഷ്ട്രീയസാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഉയര്‍ന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളും ജനങ്ങളെ തെരുവിലിറക്കിയിരിക്കുകയാണ്. ഡിസംബര്‍ 2025ല്‍ ഇറാനിലെ വിലക്കയറ്റം 42.5 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാനില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ചഹര്‍മഹാല്‍, ബക്തിയാരി, ഇലം, കര്‍മാന്‍ഷാ, ഫാര്‍സ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.