ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് ട്രംപ്; പിന്നാലെ ഖമനയിയുടെ എക്‌സ് പോസ്റ്റ്; ആശയക്കുഴപ്പം

ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് ട്രംപ്; പിന്നാലെ ഖമനയിയുടെ എക്‌സ് പോസ്റ്റ്; ആശയക്കുഴപ്പം


യുഎസ്- ഇസ്രായേല്‍ സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. യുഎസ്-ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമനയിക്ക് സാധിച്ചില്ലെന്നും, അദ്ദേഹത്തോടൊപ്പം ഇറാനിലെ മറ്റ് പ്രധാന നേതാക്കളും കൊല്ലപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

എന്നാല്‍, ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഖമനയിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അതോടെ ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലി ആശയക്കുഴപ്പം ശക്തമായി.

ട്രൂത്ത് സോഷ്യലിലെ തന്റെ കുറിപ്പില്‍ ട്രംപ് ഖമനയിയെ 'ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാള്‍' എന്നാണ് വിശേഷിപ്പിച്ചത്. ഖമനയിയുടെ മരണം ഇറാനിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച നീതിയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസിന്റെ ഇന്റലിജന്‍സിനെയും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളെയും മറികടക്കാന്‍ ഖമനയിക്ക് കഴിഞ്ഞില്ലെന്നും, ഇസ്രായേലുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ആക്രമണം വിജയിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനിലെ ജനങ്ങള്‍ക്ക് രാജ്യം തിരികെ പിടിക്കാനുള്ള മികച്ച അവസരമാണിതെന്നും, റെവല്യൂഷണറി ഗാര്‍ഡിലെയും സൈന്യത്തിലെയും ചിലര്‍ ഇനി പോരാടാന്‍ താത്പര്യമില്ലെന്നും അവര്‍ കുറ്റവിമുക്തി തേടുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സമാധാനം ലക്ഷ്യമാക്കിയുള്ള ശ്രമങ്ങള്‍ തുടരുമെന്നും, അതുവരെ ശക്തമായ സൈനിക നടപടികള്‍ ആവശ്യമെങ്കില്‍ തുടരുന്നതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, ഖമനയിയുടെ എക്‌സ് അക്കൗണ്ടില്‍ ഷിയാ പാരമ്പര്യത്തിലെ പ്രധാന വ്യക്തിത്വമായ  ഇമാം ആലിസ്ബ് സ്തുതിക്കുന്ന പ്രാര്‍ഥനയോടൊപ്പം ഒരു ദൃശ്യവും പങ്കുവെച്ചു. തീജ്വാലകളും ഉല്‍ക്കകളും നിറഞ്ഞ പശ്ചാത്തലത്തില്‍ 'ദുല്‍ഫിക്കര്‍' വാള്‍ വീശുന്ന ഇമാം അലിയുടെ നാടകീയ ചിത്രം ഉള്‍പ്പെട്ട ഈ പോസ്റ്റ്, ഒറ്റനോട്ടത്തില്‍ മതപരമായ സന്ദേശമെന്നോണം തോന്നുന്നുവെങ്കിലും നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ അതിന് പ്രതീകാത്മകമായ പ്രസക്തിയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ടെഹ്‌റാന്‍ സമീപത്ത് നടന്നതായി പറയപ്പെടുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ട്രംപ് ഖമനയിയുടെ മരണവാര്‍ത്ത പ്രഖ്യാപിച്ചതോടെയാണ് ഈ പുതിയ പോസ്റ്റ് പുറത്തുവന്നത്.