വാഷിംഗ്ടൺ: ഇറാനുമായുള്ള അമേരിക്കയുടെ സൈനിക ഏറ്റുമുട്ടൽ അവസാനിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ഏപ്രിൽ 7 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിവെപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നും നിലവിലുള്ള വെടിനിർത്തൽ തുടരുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ഹൗസ് സ്പീക്കർ മൈക് ജോൺസണും സെനറ്റ് പ്രസിഡന്റ് പ്രോ ടെംപോർ ചക് ഗ്ലേസ്ലിക്കും അയച്ച കത്തിലാണ് യുദ്ധം ഫലത്തിൽ അവസാനിച്ചുവെന്ന് ട്രംപ് വ്യക്തമാക്കിയത്. ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നടപടി ഏപ്രിൽ 7ന് പ്രഖ്യാപിച്ച വെടിനിർത്തലോടെ അവസാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ കോൺഗ്രസ് അനുമതിയില്ലാതെ നീണ്ടുനിന്ന സൈനിക ഇടപെടലിനെച്ചൊല്ലി ഇരു പാർട്ടികളിലുമുള്ള നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. 60 ദിവസത്തിലധികം നീണ്ട യുദ്ധനടപടികൾക്ക് നിയമസഭയുടെ അനുമതി ആവശ്യമാണ് എന്നതാണ് അവരുടെ നിലപാട്.
അതേസമയം, ഇറാനിൽനിന്നുള്ള ഭീഷണി പൂർണമായി അവസാനിച്ചിട്ടില്ലെന്നും, ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് അമേരിക്കൻ സൈന്യത്തെ നയിക്കുന്നത് തുടരുമെന്നും ട്രംപ് കത്തിൽ വ്യക്തമാക്കി.
ട്രംപിന്റെ അവകാശവാദത്തെ ശക്തമായി എതിർത്ത് ഡെമോക്രാറ്റിക് നേതാവ് ചക് ഷുമർ രംഗത്തെത്തി. യുദ്ധം അവസാനിച്ചെന്ന പ്രസ്താവന ശരിയല്ലെന്നും, കോൺഗ്രസ് അനുമതിയില്ലാതെ തുടരുന്ന യുദ്ധം നിയമവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇതോടെ ഇറാൻ വിഷയത്തിൽ അമേരിക്കയിൽ രാഷ്ട്രീയ തർക്കം കൂടുതൽ രൂക്ഷമാകുകയാണ്.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ്; കോൺഗ്രസ് അനുമതിയെച്ചൊല്ലി വിവാദം കടുക്കുന്നു
