ഇറാൻ 'പൂർണമായി തോറ്റു'; അവരുടെ ഒരു കരാറും ഞാൻ അംഗീകരിക്കില്ല - ട്രംപ്

ഇറാൻ 'പൂർണമായി തോറ്റു'; അവരുടെ ഒരു കരാറും  ഞാൻ അംഗീകരിക്കില്ല - ട്രംപ്


വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സൈനിക നടപടിയിൽ ഇറാൻ പൂർണമായി തോറ്റതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തലിനായി ഇറാൻ ഇപ്പോൾ ഒരു കരാറിന് തയ്യാറാണെങ്കിലും അത് താൻ അംഗീകരിക്കുന്ന തരത്തിലുള്ള കരാർ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം സാമൂഹികമാധ്യമ വേദിയായ  ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം നേടിയ വിജയം വാർത്താമാധ്യമങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലന്റിലെ  സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായി ബോംബാക്രമണം നടത്തിയതായി ട്രംപ് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് വഴി പോകുന്ന എണ്ണക്കപ്പലുകൾക്ക് സുരക്ഷ നൽകാൻ അമേരിക്കൻ നാവികസേന ഉടൻ എസ്‌കോർട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇറാൻ ഇസ്രായേലിനെയും ഗൾഫ് മേഖലയിലെ രാജ്യങ്ങളെയും ലക്ഷ്യമാക്കി പുതിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ നഗരത്തിൽ സർക്കാർ അനുകൂല പ്രകടനം നടന്നു. നിരവധി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രകടനത്തിൽ അമേരിക്കക്കും ഇസ്രായേലിനുമെതിരായ മുദ്രാവാക്യങ്ങൾ ഉയർന്നു.

അമേരിക്കയുമായി ഇനി ചർച്ചകൾ നടത്താനുള്ള സാഹചര്യമില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുമായി സംസാരിക്കുന്നത് ഇനി പരിഗണനയിൽ ഇല്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി സെയദ് അബ്ബാസ് അരാഘ്ചി വ്യക്തമാക്കി. മുമ്പുണ്ടായ ചർച്ചകളിൽ കടുത്ത അനുഭവമാണ് ഇറാനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.