ഇറാനെതിരെ ട്രംപിന്റെ പുതിയ സമയപരിധി; അനുസരിക്കാത്ത പക്ഷം കടുത്ത നടപടിക്ക് സൂചന

ഇറാനെതിരെ ട്രംപിന്റെ പുതിയ സമയപരിധി; അനുസരിക്കാത്ത പക്ഷം കടുത്ത നടപടിക്ക് സൂചന


വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കാനും സമാധാന കരാറിലെത്താനും ഡോണൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധി വീണ്ടും നീട്ടി. 'ചൊവ്വാഴ്ച രാത്രി 8 മണി (ഇസ്റ്റേൺ സമയം)' എന്ന സന്ദേശമാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടത്.

പുതിയ സമയപരിധി ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 വരെ നീളും. അതുവരെ ഇറാൻ അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം കനത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഹോർമൂസ് കടലിടുക്ക്  അടച്ചതിനെ തുടർന്ന് ആഗോളതലത്തിൽ ഇന്ധന- വാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതോടെ എണ്ണവില ഉയരുകയും അമേരിക്കയിലെ തിരഞ്ഞെടുപ്പ് വർഷത്തിൽ ട്രംപിന് സമ്മർദ്ദം കൂടുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, ഇറാൻക്കെതിരെ കടുത്ത ഭാഷ തുടരുന്ന ട്രംപ്, കരാർ ഉണ്ടാകാത്ത പക്ഷം വൈദ്യുതി നിലയങ്ങളും പാലങ്ങളും അടക്കം അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. 'വേഗത്തിൽ കരാർ ഉണ്ടായില്ലെങ്കിൽ എല്ലാം തകർക്കാനും എണ്ണ കൈവശപ്പെടുത്താനുമുള്ള നീക്കം ഞാൻ പരിഗണിക്കും,' എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ട്രംപ് ചില അഭിമുഖങ്ങളിൽ പറഞ്ഞു. ആണവായുധ വികസനം നിർത്താൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഘർഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരണമെന്നും, അല്ലെങ്കിൽ അമേരിക്കയുടെ നടപടികൾക്ക് വലിയ പരിധികളൊന്നുമുണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇതോടെ, പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ലോക രാഷ്ട്രങ്ങൾ.