റിയാദ്: സൗദി അറേബ്യയിലെ അമേരിക്കൻ എംബസിയിലുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ ആദ്യം പുറത്തുവന്നതിലധികം നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ മാസം പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ നടന്ന ആക്രമണത്തെക്കുറിച്ചാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
'ചെറിയ തീപിടിത്തവും പരിമിതമായ നാശനഷ്ടവും' മാത്രമാണുണ്ടായതെന്നാണ്
ആദ്യം സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, എംബസിയുടെ സുരക്ഷിത മേഖലയിൽ ഡ്രോണുകൾ കയറിച്ചെന്നു വലിയ നാശം വിതച്ചതായി പറയുന്നു.
രാത്രിയിലുണ്ടായ ആക്രമണത്തിൽ ആദ്യ ഡ്രോൺ എംബസി സമുച്ചയത്തിൽ പതിച്ചതിന് പിന്നാലെ, ഒരു മിനിറ്റിനകം രണ്ടാമത്തെ ഡ്രോൺ അതേ സ്ഥലത്ത് പൊട്ടിത്തെറിച്ചു. ഇതോടെ കെട്ടിടത്തിന്റെ മൂന്ന് നിലകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. തീപിടിത്തം നിയന്ത്രണത്തിലാക്കാൻ മണിക്കൂറുകൾ എടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ യുടെ സ്റ്റേഷനും ആക്രമണത്തിൽ ബാധിച്ച മേഖലകളിൽ ഉൾപ്പെട്ടതായാണ് സൂചന.
ഇറാൻ സൈനിക ശക്തി തകർന്നുവെന്ന അവകാശവാദം യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചുകൊണ്ടിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നത്.
ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടത്തിന്റെ യഥാർഥ വ്യാപ്തി മറച്ചുവെച്ചോയെന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്.
സൗദിയിലെ യു.എസ്. എംബസിയിൽ ഇറാൻ ഡ്രോൺ ആക്രമണം: നാശനഷ്ടം മറച്ചുവെച്ചോ?
