കീവ്: യുക്രെയ്നെതിരായ റഷ്യന് മിസൈല് ആക്രമണങ്ങള്ക്ക് മുന്കൂട്ടി മുന്നറിയിപ്പ് നല്കുന്നതില് അമേരിക്ക വീഴ്ച വരുത്തിയെന്ന ആരോപണവുമായി യുക്രെയ്ന്. മിസൈല് വിക്ഷേപണങ്ങള് കണ്ടെത്തുന്ന സംവിധാനം മോശം കാലാവസ്ഥയെ തുടര്ന്ന് പ്രവര്ത്തിച്ചില്ലെന്ന അമേരിക്കയുടെ വിശദീകരണം യുക്രെയ്ന് ഉദ്യോഗസ്ഥര് സംശയത്തോടെയാണ് കാണുന്നത്. മുന്നറിയിപ്പ് അമേരിക്ക മനഃപൂര്വം തടഞ്ഞതാണോ എന്ന ചോദ്യവും ഇതോടെ ഉയര്ന്നിട്ടുണ്ട്. അതേസമയം, റഷ്യയുടെ തുടര്ച്ചയായ ആക്രമണങ്ങളില് ആറുപേര് കൊല്ലപ്പെടുകയും ഏകദേശം ആറു ലക്ഷം പേര്ക്ക് വൈദ്യുതി മുടങ്ങുകയും ചെയ്തതായി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര് സെലന്സ്കി അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു സംസാരിച്ച ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസ് പുറത്തുവിട്ട റിപ്പോര്ട്ട് പ്രകാരം, റഷ്യന് മിസൈല് വിക്ഷേപണങ്ങള് കണ്ടെത്തുന്ന സംവിധാനം മോശം കാലാവസ്ഥ കാരണം പ്രവര്ത്തനരഹിതമായെന്ന വിവരമാണ് അമേരിക്കന് ഉദ്യോഗസ്ഥര് യുക്രെയ്ന് അധികൃതരെ അറിയിച്ചത്. എന്നാല്, അമേരിക്കയുടെ വിശദീകരണം വിശ്വസനീയമല്ലെന്നാണ് യുക്രെയ്ന് ഉദ്യോഗസ്ഥരുടെ നിലപാട്. ബുധനാഴ്ച പുലര്ച്ചെ മൂന്നുമണിയോടെ റഷ്യ വീണ്ടും ബാലിസ്റ്റിക് മിസൈലുകള് വിക്ഷേപിച്ചപ്പോള് മുന്നറിയിപ്പ് സംവിധാനം വീണ്ടും പ്രവര്ത്തിക്കുന്നതായി തോന്നിയെന്നും റിപ്പോര്ട്ടില് പറയുന്നു. ഈ വര്ഷം നേരത്തേയും മധ്യപൂര്വദേശത്തേക്ക് വിഭവങ്ങള് തിരിച്ചുവിടേണ്ടിവന്നതിനാല് റഷ്യന് മിസൈല് വിക്ഷേപണങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള് അമേരിക്ക കൈമാറിയില്ലെന്ന് ആരോപണമുണ്ടായിരുന്നതായും വൃത്തങ്ങള് വെളിപ്പെടുത്തി. എന്നാല്, മുന്നറിയിപ്പ് മനഃപൂര്വം തടഞ്ഞുവെന്ന ആരോപണത്തിന് സ്വതന്ത്രമായ സ്ഥിരീകരണമില്ല.
ബുധനാഴ്ച പുലര്ച്ചെ റഷ്യ 39ലധികം ബാലിസ്റ്റിക് മിസൈലുകളും 120ലധികം ആക്രമണ ഡ്രോണുകളും മറ്റു സ്ഫോടക ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സെലന്സ്കിയുടെ വിശദീകരണം. കീവ്, ഖാര്കീവ് എന്നിവിടങ്ങളിലെ ഊര്ജകേന്ദ്രങ്ങളും നിര്ണായക അടിസ്ഥാനസൗകര്യങ്ങളുമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ആക്രമണത്തില് ആറുപേര് കൊല്ലപ്പെട്ടതിനു പുറമേ ഏകദേശം ആറു ലക്ഷം പേര്ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ആക്രമണത്തിന് മുന്പ് പങ്കാളി രാജ്യങ്ങളില്നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നും സെലന്സ്കി പറഞ്ഞു.
യുക്രെയ്നുമായുള്ള രഹസ്യവിവര കൈമാറ്റം അമേരിക്ക നിര്ത്തിവച്ചോ എന്ന ചോദ്യത്തിന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് നിഷേധാത്മകമായ മറുപടിയാണ് നല്കിയത്. യുക്രെയ്നെ സഹായിക്കുന്നുണ്ടെന്നും രഹസ്യവിവരങ്ങള് കൈമാറുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഈ ആഴ്ചത്തെ ആക്രമണത്തിന് മുന്പ് മുന്നറിയിപ്പ് ലഭിക്കാതിരുന്നത് ഒറ്റപ്പെട്ട സംഭവമായിരിക്കാമെന്നും അമേരിക്ക യുക്രെയ്നുമായുള്ള മൊത്തത്തിലുള്ള രഹസ്യവിവര കൈമാറ്റം നിര്ത്തിയിട്ടില്ലെന്നുമാണ് സി.ബി.എസ്. റിപ്പോര്ട്ടില് ഉദ്ധരിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണം.
യുക്രെയ്നെതിരായ അമേരിക്കന് സൈനിക സഹായവുമായി ബന്ധപ്പെട്ട വിശാലമായ തര്ക്കങ്ങളും ഇതിനിടെ ശക്തമായിട്ടുണ്ട്. റഷ്യയുടെ ഊര്ജ അടിസ്ഥാനസൗകര്യങ്ങള് ലക്ഷ്യമിട്ടുള്ള ദീര്ഘദൂര ആക്രമണങ്ങള് യുക്രെയ്ന് അവസാനിപ്പിച്ചില്ലെങ്കില് രഹസ്യവിവര കൈമാറ്റം നിര്ത്തിവയ്ക്കുമെന്നും യൂറോപ്യന് രാജ്യങ്ങള് യുക്രെയ്നുവേണ്ടി അമേരിക്കന് ആയുധങ്ങള് വാങ്ങുന്ന പി.യു.ആര്.എല്. പദ്ധതിക്ക് നിയന്ത്രണം ഏര്പ്പെടുത്തുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്കിയതായി ഒരു യൂറോപ്യന് ഉദ്യോഗസ്ഥനെയും യുക്രെയ്ന് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് റിപ്പോര്ട്ട് പറയുന്നു.
അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങള് യുക്രെയ്ന്റെ പ്രതിരോധത്തിലും ആക്രമണ നീക്കങ്ങളിലും നിര്ണായകമാണ്. ഉപഗ്രഹ വിവരങ്ങളും വിമാനങ്ങളിലെ സെന്സറുകളില്നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചാണ് റഷ്യന് വിമാനങ്ങളുടെയും മിസൈലുകളുടെയും നീക്കങ്ങള് കണ്ടെത്തുന്നത്. ഈ സാഹചര്യത്തില് മുന്നറിയിപ്പ് ലഭിക്കാതിരുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക ഉയര്ത്തിയിട്ടുണ്ട്.
ഇതിനിടെ, യുക്രെയ്ന് സൈന്യത്തിന്റെ ആശയവിനിമയ സംവിധാനമായ സ്റ്റാര്ലിങ്കിലും തടസ്സങ്ങള് നേരിട്ടതായി യുക്രെയ്ന് ഉദ്യോഗസ്ഥരും സൈനികരും സി.ബി.എസ്. ന്യൂസിനോട് പറഞ്ഞു. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്ലിങ്ക് ഉപഗ്രഹ ശൃംഖല യുദ്ധമേഖലയില് സൈനിക നീക്കങ്ങള് ഏകോപിപ്പിക്കുന്നതിനും നിരീക്ഷണത്തിനും ഡ്രോണ് പ്രവര്ത്തനങ്ങള്ക്കും പ്രധാനമാണ്. ഒക്ടോബര് 14ന് മുന്നറിയിപ്പില്ലാതെ സൈനിക ആവശ്യങ്ങള്ക്കുള്ള സ്റ്റാര്ഷീല്ഡ് ടെര്മിനലുകളുടെ സഞ്ചാരത്തിനിടെയുള്ള പ്രവര്ത്തനം നിയന്ത്രിച്ചതായി യുക്രെയ്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള് ആരോപിച്ചു. ഇത് ഡ്രോണ് ദൗത്യങ്ങളെയും മുന്നിരയിലെ വിതരണത്തെയും നിരീക്ഷണത്തെയും ബാധിക്കുമെന്നാണ് അവരുടെ ആശങ്ക.
പ്രശ്നം പരിഹരിക്കുന്നതിനായി അമേരിക്ക, സ്പേസ് എക്സ്, നേറ്റോ പങ്കാളികള് എന്നിവരുമായി ബന്ധപ്പെടുന്നുണ്ടെന്നും പകരം ആശയവിനിമയ സംവിധാനങ്ങള് പരീക്ഷിച്ചുവരികയാണെന്നും യുക്രെയ്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവര് അറിയിച്ചു.
റഷ്യയുടെ ആക്രമണങ്ങള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെലന്സ്കി ബുധനാഴ്ച ബ്രിട്ടനിലെത്തി പ്രധാനമന്ത്രി ആന്ഡി ബേണ്ഹാമുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ നിലപാടിനെയും അദ്ദേഹം വിമര്ശിച്ചു. റഷ്യയുടെ ആക്രമണം മനഃപൂര്വവും വ്യാപ്തിയില് പ്രകടമായ സന്ദേശം നല്കുന്നതുമായിരുന്നുവെന്നും അമേരിക്കന് പ്രസിഡന്റിന്റെ പ്രസ്താവനകളെ റഷ്യ ഗൗരവത്തിലെടുക്കുന്നില്ലെന്നുമായിരുന്നു സെലന്സ്കിയുടെ പ്രതികരണം. അമേരിക്കയും അന്താരാഷ്ട്ര സമൂഹവും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യന് മിസൈല് ആക്രമണ മുന്നറിയിപ്പ് അമേരിക്ക തടഞ്ഞോ? 'മോശം കാലാവസ്ഥ' വിശദീകരണത്തില് സംശയം; യുക്രെയ്നില് ആറു മരണം, ആറു ലക്ഷം പേര്ക്ക് വൈദ്യുതിയില്ല
