ക്വാലാലംപൂർ: ഇന്ത്യ-മലേഷ്യ ബന്ധം 'വളരെ പ്രത്യേകവും ആഴമുള്ളതുമാണെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ചേർന്ന വാർത്താസമ്മേളനത്തിലാണ് മോഡിയുടെ പ്രതികരണം. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ക്വാലാലംപൂരിലെത്തിയ മോഡിക്ക് പെർദാന പുത്ത്രയിൽ ഔപചാരിക സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി.
നൂറ്റാണ്ടുകളായി ഇരുരാജ്യങ്ങൾക്കുമിടയിൽ ജനങ്ങളിലൂടെയുള്ള ബന്ധം നിലനിൽക്കുന്നതായും, ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ താമസിക്കുന്ന രണ്ടാമത്തെ രാജ്യമാണു മലേഷ്യയെന്നും മോഡി പറഞ്ഞു.
പങ്കിട്ട സാംസ്കാരിക പൈതൃകവും ജനാധിപത്യ മൂല്യങ്ങളുമാണ് ഇന്ത്യ-മലേഷ്യ ബന്ധത്തിന്റെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ ന്യൂഡൽഹി-ക്വാലാലംപൂർ ബന്ധം പുതിയ വേഗം കൈവരിച്ചതായും ഊർജം, അടിസ്ഥാന സൗകര്യ വികസനം, നിർമാണ മേഖല എന്നിവയിൽ സഹകരണം ശക്തമായതായും മോഡി പറഞ്ഞു. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ബയോടെക്, ഐടി മേഖലകളിലെ പരസ്പര നിക്ഷേപം വർധിച്ചതിനൊപ്പം ടൂറിസം, ജനങ്ങളിലൂടെയുള്ള ബന്ധവും കൂടുതൽ ദൃഢമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പങ്കാളിത്തത്തിന് അപൂർവ വേഗവും ആഴവും നൽകാൻ തീരുമാനിച്ചതായി മോദി അറിയിച്ചു. ഭീകരവിരുദ്ധ പ്രവർത്തനം, ഇന്റലിജൻസ് പങ്കിടൽ, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിൽ സുരക്ഷാ സഹകരണം ശക്തമാക്കുമെന്നും പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കുമെന്നും മോദി പറഞ്ഞു. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കൊപ്പം സെമികണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും പങ്കാളിത്തം വികസിപ്പിക്കുമെന്നും സിഇഒ ഫോറം വ്യാപാരനിക്ഷേപ സാധ്യതകൾക്ക് പുതുവാതിൽ തുറന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ആസിയാൻ ഉച്ചകോടിക്ക് മലേഷ്യയിലെത്താനാകാതെ പോയെങ്കിലും എത്രയും വേഗം സന്ദർശിക്കാമെന്ന വാഗ്ദാനം പാലിച്ചാണ് 2026ലെ ആദ്യ വിദേശയാത്രയായി മലേഷ്യ തെരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ പ്രശംസിച്ച മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ അതിവേഗ വളർച്ച മലേഷ്യയ്ക്കും വലിയ നേട്ടമാകുമെന്നും 2025ൽ കൈവരിച്ച 18.59 ബില്യൺ ഡോളർ വ്യാപാരമൂല്യം കൂടുതൽ ഉയർത്താനുള്ള വഴികൾ തേടുമെന്നും പറഞ്ഞു.
പരമാവധി പ്രാദേശിക കറൻസി ഉപയോഗിക്കാനുള്ള തീരുമാനം ശ്രദ്ധേയമാണെന്നും വിദ്യാഭ്യാസ മേഖലയിലെ സഹകരണം കൂടുതൽ വ്യാപിപ്പിക്കുമെന്നും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആഗോള തലത്തിൽ വലിയ അംഗീകാരം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-മലേഷ്യ ബന്ധത്തിന് പുതുഊർജം: 'പങ്കാളിത്തത്തിന് അപൂർവ വേഗവും ആഴവും' - ക്വാലാലംപൂരിൽ മോഡി
